Featured Health

വന്ധ്യത: സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തരുത്! 40% കേസുകളിലും കാരണം പുരുഷൻമാർ; എന്തുകൊണ്ട് ഇന്നും മാറ്റിനിർത്തപ്പെടുന്നു?

വന്ധ്യത പലപ്പോഴും സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്നമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും, യഥാർത്ഥ മെഡിക്കൽ വസ്തുതകൾ ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വന്ധ്യതാ കേസുകളിൽ ഏകദേശം 40 ശതമാനത്തോളം പുരുഷന്മാരിലെ ഘടകങ്ങൾ കാരണമാണ് ഉണ്ടാകുന്നത്. എങ്കിലും ഇപ്പോഴും ഭൂരിഭാഗം ദമ്പതികളും വന്ധ്യതാ പരിശോധനകൾ ആരംഭിക്കുന്നത് സ്ത്രീകളിൽ മാത്രമായി കേന്ദ്രീകരിച്ചാണ്.

ലോക വന്ധ്യതാ ദിനത്തിൽ, വന്ധ്യത എന്നത് ദമ്പതികൾ ഇരുവർക്കും ഒരുപോലെ ബാധകമായ ആരോഗ്യപ്രശ്നമാണെന്നും രണ്ടുപേരും ഇതിൽ തുല്യ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹികമായ തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും കാരണം വന്ധ്യതയുടെ ഭാരം മുഴുവൻ ചുമക്കേണ്ടി വന്നിരുന്നത് സ്ത്രീകളായിരുന്നു. എന്നാൽ ഈ പഴഞ്ചൻ ധാരണകൾ ശരിയായ രോഗനിർണയവും ചികിത്സയും വൈകിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഫെർട്ടിലിറ്റി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തുടക്കം മുതൽ തന്നെ ദമ്പതികൾ രണ്ടുപേരും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നോയിഡ കൈലാഷ് ഐ.വി.എഫിലെ ഡോ. മോണിക ഗുപ്ത വ്യക്തമാക്കുന്നു.

ഒരു പുരുഷൻ പൂർണ്ണ ആരോഗ്യവാനായി കാണപ്പെടുന്നതുകൊണ്ടോ, പതിവായി വ്യായാമം ചെയ്യുന്നതുകൊണ്ടോ, മുൻപ് കുട്ടികളുണ്ടായതുകൊണ്ടോ അദ്ദേഹത്തിന് ഭാവിയിലും വന്ധ്യതാ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുപറയാൻ കഴിയില്ല. ബീജത്തിന്റെ എണ്ണം (sperm count), ചലനശേഷി (motility), ഘടന (morphological shape) എന്നിവയെ ആശ്രയിച്ചാണ് പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി നിലനിൽക്കുന്നത്. ഇതിൽ ഉണ്ടാകുന്ന ഏതൊരു വ്യതിയാനവും സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കാം. എളുപ്പത്തിൽ പറഞ്ഞാൽ, ബീജത്തിന് ആവശ്യത്തിന് എണ്ണവും, അണ്ഡത്തിലേക്ക് നീന്തിയെത്താനുള്ള ചലനശേഷിയും, അതിനെ ഗർഭധാരണത്തിന് പ്രാപ്തമാക്കുന്ന ശരിയായ ഘടനയും ഉണ്ടായിരിക്കണം.

സാധാരണയായി ചെയ്യുന്ന ബീജ പരിശോധനയാണ് (semen analysis) പുരുഷ വന്ധ്യത തിരിച്ചറിയാനുള്ള ആദ്യ പടി. എന്നാൽ കേവലം ബീജങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിലുപരി ഈ മേഖലയിൽ മെഡിക്കൽ സയൻസ് ഇന്ന് ഏറെ മുന്നേറിയിട്ടുണ്ട്.

ബീജത്തിനുള്ളിലെ ജനിതക ദ്രവ്യത്തിന് ഉണ്ടാകുന്ന കേടുപാടുകൾ (DNA fragmentation) ഇതിലൊന്നാണ്. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ ബീജങ്ങൾ സാധാരണ നിലയിലാണെന്ന് തോന്നിയാലും, ഡി.എൻ.എ തകരാറുകൾ ഉള്ള ബീജങ്ങൾ കാരണം ഭ്രൂണത്തിന്റെ വളർച്ച തടസ്സപ്പെടാനും, ഗർഭഛിദ്രത്തിനും, ഐ.വി.എഫ് (IVF) ചികിത്സകൾ പരാജയപ്പെടാനും സാധ്യതയുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക തകരാറുകൾ, അണുബാധകൾ, ബീജവാഹിനി കുഴലുകളിലെ തടസ്സങ്ങൾ, വൃഷണങ്ങളിലെ ഞരമ്പുകൾ വീർക്കുന്ന വെരിക്കോസീൽ (Varicocele) എന്ന അവസ്ഥ, അതുപോലെ പുകവലി, അമിതവണ്ണം, മദ്യപാനം, ഉറക്കക്കുറവ്, അമിത മാനസിക സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും പുരുഷ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നത് അനുയോജ്യമായ ചികിത്സ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

ദമ്പതികൾക്ക് ഐ.വി.എഫ് ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ പുരുഷന്മാരുടെ പങ്കാളിത്തം കൂടുതൽ നിർണ്ണായകമാകുന്നു. ഗുരുതരമായ പുരുഷ വന്ധ്യതാ പ്രശ്നങ്ങൾക്ക് ഐ.സി.എസ്.ഐ (ICSI – Intracytoplasmic Sperm Injection) എന്ന ആധുനിക സാങ്കേതികവിദ്യ ഏറെ ഫലപ്രദമാണ്. ബീജത്തിന്റെ എണ്ണമോ ചലനശേഷിയോ വളരെ കുറവുള്ള സാഹചര്യങ്ങളിൽ, ആരോഗ്യമുള്ള ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവെക്കുന്നതാണ് ഈ രീതി. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.

ചികിത്സാരംഗത്തെക്കാൾ വലിയ തടസ്സം ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവമാണ്. നാണക്കേട് കൊണ്ടോ തെറ്റിദ്ധാരണകൾ കൊണ്ടോ പല പുരുഷന്മാരും പരിശോധനകൾക്ക് വിധേയരാകാൻ മടിക്കുന്നു. എന്നാൽ പുരുഷന്മാർ കൂടി മുന്നോട്ടുവന്ന് പരിശോധനകളിലും ചികിത്സാ തീരുമാനങ്ങളിലും ജീവിതശൈലി മാറ്റങ്ങളിലും പങ്കാളികളാകുമ്പോൾ ദമ്പതികളുടെ മാനസിക സമ്മർദ്ദം കുറയുകയും മികച്ച ഫലം ലഭിക്കുകയും ചെയ്യും.

വന്ധ്യത എന്നത് ഒരാൾ മാത്രം മാനസിക വിഷമം അനുഭവിക്കേണ്ട ഒന്നല്ല. ദമ്പതികൾ ഇരുവർക്കും ഒരുപോലെ ബാധകമായ ഈ വിഷയത്തിൽ, പരമ്പരാഗതമായ തെറ്റിദ്ധാരണകൾ മാറ്റിവെച്ച് രണ്ടുപേരുടെയും പ്രത്യുൽപാദന ആരോഗ്യത്തിന് പ്രാധാന്യം നൽകുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *