Spotlight

തിരിഞ്ഞ് നില്‍ക്കുന്ന പെണ്‍‌കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പുരുഷ പൊലീസ്; CJP പ്രതിഷേധത്തില്‍ അതിക്രമം- വീഡിയോ

മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുദ്യോഗസ്ഥൻ. സാധാരണ വസ്ത്രം ധരിച്ചെത്തിയ ഉദ്യോഗസ്ഥനാണ് യുവതിയെ ആക്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

പൊലീസ് നടപടിയുടെ ഭാഗമായി യുവതിയെ പിന്നിൽ നിന്ന് പൊലീസുകാരൻ പിടികൂടുന്നത് വീഡിയോയിലുണ്ട്. ആളുകൾക്കിടയിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിലേക്ക് ഉദ്യോഗസ്ഥന്റെ കൈ പോകുന്നതും, സഹായത്തിനായി ഇയാൾ മറ്റ് പൊലീസുകാരെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ മുംബൈ പൊലീസ് ഈ ആരോപണങ്ങൾ തള്ളി. ഉന്നത ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും, പ്രതിഷേധത്തിലുണ്ടായിരുന്ന ഒരു യുവാവിനെ പിടികൂടാൻ ശ്രമിക്കുമ്പോൾ യുവതി തടസ്സപ്പെടുത്താൻ നോക്കിയ ഭാഗമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും ഡിസിപി അക്ബർ പത്താൻ അറിയിച്ചു.

അതേസമയം, വനിതകളെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസിനെ നിയോഗിക്കുന്നത് ശരിയല്ലെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് ആവശ്യപ്പെട്ടു. മുംബൈയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാർഥികൾ നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. മുൻപ്, കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ലഹരി കേസിൽ കുടുക്കി ജയിലിലടയ്ക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വിഡിയോയും വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *