Oddly News

ജയിൽ വിവാഹ മണ്ഡപം, കയ്യാമത്തിനു പകരം വരണമാല്യങ്ങൾ ! കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ കഴിഞ്ഞ ബുധനാഴ്ച അപൂർവ്വമായ ഒരു വിവാഹത്തിന് വേദിയായി. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന നാഗ്പുർ സ്വദേശി മൂലാറാം ഭാട്ടിയും (33) മുംബൈ സ്വദേശി സീമ ഘട്സെയുമാണ് (31) ഇവിടെവെച്ച് വിവാഹിതരായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ തടവുകാരുടെ വിവാഹം നടന്നത്.

വിവാഹത്തിനായി ഏതാനും മണിക്കൂറുകളിലേക്ക് ജയിൽ ഒരു വിവാഹ മണ്ഡപമായി മാറുകയായിരുന്നു. വധൂവരന്മാർ പരസ്പരം മാലകൾ ചാർത്തി, പുരോഹിതന്റെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരും ഉൾപ്പെടെ 21 പേർ മാത്രമാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷികളായത്.

വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന ഇവരുടെ നല്ല നടപ്പ് കണക്കിലെടുത്താണ് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. അവിടെവെച്ചുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് തടവുകാരായ ഇവർ അനുമതിക്കായി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നത് അവരുടെ മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.എസ്.ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്ട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.

അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് 2017-ൽ മൂലാറാം ശിക്ഷിക്കപ്പെടുന്നത്. നേരത്തെ വിവാഹിതയായ സീമയാകട്ടെ, തന്റെ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിനെ തുടർന്നാണ് ജയിലിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *