Featured Good News

“ഡ്രൈവറല്ല, 15 കൊല്ലമായി എന്റെ സഹപ്രവർത്തകൻ!”; ബൈപാസ് ശസ്ത്രക്രിയയ്ക്ക് 4.25 ലക്ഷം നൽകി മാതൃകയായി തൊഴിലുടമ

മുംബൈയിലെ ഒരു ഡോക്ടർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിച്ച് ഇപ്പോഴും നഷ്ടപ്പെടാത്ത മനുഷ്യസ്നേഹത്തെയും കാരുണ്യത്തെയും വീണ്ടും ഉയര്‍ത്തിക്കാട്ടുന്നു. ഒരു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന ഒരു ഫോൺ കോൾ, തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചതായി ഡോ. പ്രശാന്ത് മിശ്ര എക്സിൽ (X) കുറിച്ചു.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെയാണ്: ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു രോഗിക്ക് ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വന്നു. തന്റെ സ്വകാര്യ ആശുപത്രിയിൽ ഇതിന് ഏകദേശം 4.25 ലക്ഷം രൂപ ചെലവ് വരും. അതിനാൽ, രോഗിയുടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ പദ്ധതികൾ വഴി സൗജന്യമായി ചികിത്സ ലഭിക്കുന്ന ഏതെങ്കിലും പൊതുജനാരോഗ്യ കേന്ദ്രത്തെ സമീപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

എന്നാൽ അന്നേദിവസം വൈകുന്നേരം, രോഗിയുടെ മകൻ ഡോക്ടറെ വിളിച്ച് അതേ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാൻ ആഗ്രഹമുണ്ടെന്നും ചെലവുകളിൽ എന്തെങ്കിലും ഇളവ് നൽകാൻ സാധിക്കുമോ എന്നും അന്വേഷിച്ചു. സാധ്യമായ രീതിയിൽ ചെലവ് കുറച്ചുനൽകാമെന്ന് ഡോക്ടർ ഉറപ്പുനൽകുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെ രോഗിയുടെ തൊഴിലുടമ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ തുകയും ആർ.ടി.ജി.എസ് വഴി ആശുപത്രിയിലേക്ക് അയച്ചുകൊടുത്തു. തുടർന്ന് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രോഗിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമായതോടെ, നൽകിയ വലിയ സഹായത്തിന് നന്ദി അറിയിക്കാനും രോഗിയുടെ അവസ്ഥ വ്യക്തമാക്കാനും ഡോക്ടർ അദ്ദേഹത്തിന്റെ തൊഴിലുടമയെ ഫോണിൽ വിളിച്ചു.

സംഭാഷണത്തിനിടയിൽ തൊഴിലുടമ രോഗിയെ തന്റെ “സഹപ്രവർത്തകൻ” (Colleague) എന്നാണ് വിശേഷിപ്പിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്നയാളെക്കുറിച്ചാണോ സംസാരിക്കുന്നത് എന്ന് ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചപ്പോൾ, കഴിഞ്ഞ 15 വർഷമായി തന്നോടൊപ്പം ജോലി ചെയ്യുന്നയാളാണെന്നും ഒരിക്കലും വെറുമൊരു ഡ്രൈവറായി മാത്രമായി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും തൊഴിലുടമ മറുപടി നൽകി. “ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്യുന്നു, വ്യത്യസ്തമായ പങ്കുവഹിക്കുന്നു എന്ന് മാത്രം. ഒരു തൊഴിലും ഒരാളുടെ സംഭാവനയെ മറ്റൊരാളേക്കാൾ വലുതോ ചെറുതോ ആക്കുന്നില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാക്കുകൾ തന്നെ പൂർണ്ണമായും നിശ്ശബ്ദനാക്കിക്കളഞ്ഞു എന്നാണ് ഡോക്ടർ കുറിച്ചത്. ഒരാളുടെ ജോലി ഒരിക്കലും അവരുടെ വ്യക്തിത്വത്തെയോ മൂല്യത്തെയോ നിർണ്ണയിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഈ സംഭവം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *