ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളോളം കഠിനമായി പരിശ്രമിച്ച് നേടാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താൻ വേണ്ടെന്ന് വെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ കഥയിൽ, തനിക്ക് ഐഐടി (IIT) പ്രവേശന പരീക്ഷയിൽ വിജയിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് അറിയാവുന്ന ശരിയുത്തരങ്ങൾ പോലും ബോധപൂർവ്വം തെറ്റായി രേഖപ്പെടുത്തി എന്നാണ് ഋഷഭ് ഖനേജ എന്ന യുവാവ് വെളിപ്പെടുത്തിയത്.
‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷഭ് തന്റെ തീരുമാനം പങ്കുവെച്ചത്. ഐഐടിയിൽ പ്രവേശനം നേടാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല താൻ ഇത് ചെയ്തതെന്നും, മറിച്ച് മറ്റുള്ളവർ തനിക്കായി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതരീതിയെ നിരസിക്കാനുള്ള ബോധപൂർവ്വമായ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു.
“ഞാൻ ഐഐടി പ്രവേശന പരീക്ഷ ബോധപൂർവ്വം തോറ്റതാണ്… ഈ വാചകം ഇപ്പോഴും ആളുകളെ ഞെട്ടിക്കുന്നുണ്ട്. കാരണം, ദശലക്ഷക്കണക്കിന് ആളുകൾ ഐഐടി സ്വപ്നം കാണുന്ന ഈ രാജ്യത്ത്, എനിക്ക് അറിയാവുന്ന ശരിയുത്തരങ്ങൾ പോലും തെറ്റാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് പരീക്ഷാ ഹാളിൽ ഇരിക്കുകയായിരുന്നു ഞാൻ,” അദ്ദേഹം പറഞ്ഞു.
പരീക്ഷയിൽ തോറ്റുപോകുമെന്ന ഭയമല്ല, മറിച്ച് തന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി മറ്റാരോ നിശ്ചയിച്ച ഒരു കരിയറിന് പിന്നാലെ ജീവിതം മുഴുവൻ ഓടേണ്ടി വരുമെന്ന ഭയമാണ് തനിക്കുണ്ടായിരുന്നതെന്ന് ഋഷഭ് വ്യക്തമാക്കി. കുടുംബത്തിലെ മൂത്ത മകനായതുകൊണ്ട് തന്നെ തന്റെ ഭാവിയെക്കുറിച്ച് എല്ലാവർക്കും വ്യക്തമായ പ്രതീക്ഷകളുണ്ടായിരുന്നു. സയൻസ് പഠിക്കുക, എഞ്ചിനീയറാകുക, എംബിഎ എടുക്കുക, പിന്നീട് ഒരു കോർപ്പറേറ്റ് ജോലി സ്വന്തമാക്കുക എന്നതായിരുന്നു ആ പ്ലാൻ.
“കുടുംബത്തിലെ മൂത്ത മകനായി വളർന്നതുകൊണ്ട് എന്റെ ഭാവി നേരത്തെ തന്നെ മറ്റുള്ളവർ പ്ലാൻ ചെയ്തിരുന്നു. സ്കൂളിൽ സയൻസ് പഠിക്കുക, എഞ്ചിനീയറിംഗ്, എംബിഎ, കോർപ്പറേറ്റ് ജോലി എന്നിവയായിരുന്നു അത്. ചുറ്റുമുള്ള എല്ലാവരും അംഗീകരിക്കുന്ന ഒരു വഴിയായിരുന്നു ഇത്. എല്ലാ കുടുംബ സംഗമങ്ങളിലും ആരുടെയെങ്കിലും മകൻ ഐഐടി പാസായതിനെക്കുറിച്ചോ ഉയർന്ന ശമ്പളമുള്ള ജോലി നേടിയതിനെക്കുറിച്ചോ ഉള്ള കഥകൾ കേൾക്കാമായിരുന്നു,” അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ കാലക്രമേണ, ആ വഴി തിരഞ്ഞെടുത്ത പലർക്കും ജീവിതത്തിൽ യഥാർത്ഥ സംതൃപ്തിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതോടെ വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റാൻ അദ്ദേഹം നിർബന്ധിതനായി. എഞ്ചിനീയറിംഗിന് പോകുന്നതിന് പകരം മിതിബായ് കോളേജിൽ ആർട്സ് പഠിക്കാനാണ് ഋഷഭ് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം അദ്ദേഹത്തിന്റെ ഭാവി തകർത്തുകളയും എന്നാണ് പലരും കരുതിയത്.
പിന്നീട് അദ്ദേഹം ‘ടീച്ച് ഫോർ ഇന്ത്യ’ (Teach For India) എന്ന സംഘടനയുടെ ഭാഗമാവുകയും മുംബൈയിലെ മൻഖുർദിലുള്ള കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. ആ അനുഭവം തന്നെ വളരെയധികം മാറ്റിമറിച്ചതായി അദ്ദേഹം ഓർക്കുന്നു. “ഞാൻ മിതിബായ് കോളേജിൽ ആർട്സ് പഠിച്ചപ്പോൾ എന്റെ ഭാവി നശിച്ചുപോയെന്നാണ് ആളുകൾ കരുതിയത്. അതിനുശേഷമാണ് ഞാൻ ടീച്ച് ഫോർ ഇന്ത്യയിൽ ചേരുന്നത്. മൻഖുർദിലെ ഒരു ക്ലാസ് റൂം എന്നെ ഒരുപാട് മാറ്റിമറിച്ചു. നൂറോളം കുട്ടികൾ എന്നെ ‘ഋഷഭ് ഭയ്യ’ എന്ന് വിളിച്ചപ്പോൾ, ഒരു ബിരുദത്തിനും തരാൻ കഴിയാത്ത വലിയൊരു പാഠമാണ് എനിക്ക് ലഭിച്ചത്. ജീവിതത്തിന്റെ ലക്ഷ്യം എപ്പോഴും വലിയ കോർപ്പറേറ്റ് മുറികളിൽ മാത്രമല്ല, ചിലപ്പോൾ മറ്റുള്ളവർക്കായി എല്ലാ ദിവസവും നിലകൊള്ളുന്നതിലൂടെയും കണ്ടെത്താം,” അദ്ദേഹം പറഞ്ഞു നിർത്തി.




