മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനങ്ങൾക്ക് അതീതമാണ്. എന്നാൽ ചില യഥാർത്ഥ സംഭവങ്ങൾ കേൾക്കുമ്പോൾ നമ്മൾ വിശ്വസിക്കാൻ പോലുമാകാതെ അത്ഭുതപ്പെട്ടുപോകാറുണ്ട്. മധ്യപ്രദേശിലെ ബേതുലിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ട അത്തരമൊരു സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ യജമാനന്റെ ശവസംസ്കാര ഘോഷയാത്ര തുടങ്ങി മിനിറ്റുകൾക്കകം ‘ദുഗ്ഗു’ എന്ന് പേരുള്ള വളർത്തുനായയും ചത്തു വീണു.
ദുഗ്ഗു വെറുമൊരു വളർത്തുമൃഗമായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ 15 വർഷമായി യജമാനനൊപ്പം നിഴലായി നിന്ന ദുഗ്ഗു, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും കൂടെത്തന്നെയുണ്ടായിരുന്നു. ഭോപ്പാൽ എയിംസിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് ഉടമസ്ഥനായ പ്രദീപ് ജെയിൻ (67) അന്തരിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതികശരീരം ബേതുലിലെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ ശവസംസ്കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോൾ ദുഗ്ഗു മൃതദേഹത്തിന് അരികിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. നായയുടെ വെപ്രാളം കണ്ട് വീട്ടുകാർ ആദ്യം അതിനെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടെങ്കിലും അസ്വസ്ഥത കൂടുന്നത് കണ്ട് പിന്നീട് പുറത്തുവിട്ടു.
ശവസംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോൾ ഘോഷയാത്രയ്ക്കൊപ്പം ദുഗ്ഗുവും ശാന്തനായി നടന്നു. എന്നാൽ കുറച്ചുദൂരം കഴിഞ്ഞപ്പോൾ നായ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നായ തളർന്നുവീണതാണെന്നാണ് ആദ്യം അവിടെയുള്ളവർ കരുതിയതെങ്കിലും പരിശോധിച്ചപ്പോഴാണ് ദുഗ്ഗു ചത്തുപോയതായി മനസ്സിലായത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറച്ച സംഭവമായിരുന്നു അത്.
യജമാനനും നായയും തമ്മിലുള്ള ഈ അപൂർവ്വ ബന്ധം കണ്ട് വികാരാധീനരായ കുടുംബാംഗങ്ങൾ ദുഗ്ഗുവിനും അർഹമായ രീതിയിൽ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചു. പ്രദീപ് ജെയിന്റെ സംസ്കാരം നടന്ന ഗഞ്ച് മോക്ഷധാം ശ്മശാനത്തിന് സമീപം തന്നെ അവർ ദുഗ്ഗുവിനെയും അടക്കം ചെയ്തു. പ്രദേശവാസികൾ ഒത്തുകൂടി ദുഗ്ഗുവിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഒരു വളർത്തുമൃഗമെന്നതിലുപരി കുടുംബത്തിലെ ഒരംഗമായിരുന്നു അവനെന്ന് നാട്ടുകാർ ഓർക്കുന്നു.
പ്രദീപ് ജെയിൻ ചെറുപ്പം മുതൽ സ്നേഹത്തോടെ വളർത്തിയതായിരുന്നു ദുഗ്ഗുവിനെ എന്ന് അദ്ദേഹത്തിന്റെ സഹോദരൻ ദിലീപ് ജെയിൻ ഓർക്കുന്നു. പ്രദീപിന് എപ്പോഴെങ്കിലും അസുഖം വന്നാൽ ദുഗ്ഗുവും ഭക്ഷണം കഴിക്കാതെ അസ്വസ്ഥത കാണിക്കുമായിരുന്നു. അത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു അവർ തമ്മിലുണ്ടായിരുന്നത്. യജമാനനോട് അത്രയധികം അടുത്ത ദുഗ്ഗു ഒടുവിൽ അദ്ദേഹത്തോടൊപ്പം തന്നെ ഈ ലോകത്തുനിന്നും വിടപറഞ്ഞു എന്ന് ദിലീപ് ജെയിൻ പറഞ്ഞു.
വിശ്വസ്തതയുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ദുഗ്ഗുവിന്റെ അവസാന യാത്ര എല്ലാവരിലും വലിയ നോവായി മാറുകയാണ്. സ്നേഹവും വിശ്വസ്തതയും വാക്കുകളിലല്ല, മറിച്ച് പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് ദുഗ്ഗു തെളിയിച്ചു. മനുഷ്യരും അവർ സ്നേഹിക്കുന്ന ജീവികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായി ഈ സംഭവം നിലനിൽക്കും.




