ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടയിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം . ഓസ്ട്രേലിയൻ താരം ആഷ്ലീ ഗാർഡ്നർ സഹതാരം ജോർജിയ വോളുമായി പ്രണയത്തിലാണെന്ന് ഗാർഡ്നറുമായി പിരിഞ്ഞു കഴിയുന്ന പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചതാണ് വിവാദത്തിന് കാരണമായത്. ഗാർഡ്നറുടെ വിവാഹജീവിതം തകരാൻ കാരണം സഹപ്രവർത്തകയുമായുള്ള ബന്ധമാണെന്ന് ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
പത്രറിപ്പോർട്ടിൽ ആരുടെയും പേര് എടുത്തുപറഞ്ഞിരുന്നില്ലെങ്കിലും, മോണിക്ക റൈറ്റ് സോഷ്യൽ മീഡിയയിലൂടെ നേരിട്ട് ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് വളരെ അവ്യക്തമാണെന്ന് കുറിച്ച മോണിക്ക, ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് “ഇവർക്കൊപ്പമാണ് എന്റെ പങ്കാളി എന്നെ ചതിച്ചത്” എന്ന് എഴുതുകയും ചെയ്തു.
ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പിനിടെയാണ് ഇവരുടെ വിവാഹബന്ധത്തിൽ വിള്ളലുകൾ വീണതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും 2024 ഏപ്രിലിൽ വിവാഹഭ്യർത്ഥന നടത്തുകയും 2025 ഏപ്രിലിൽ ബ്ലൂ മൗണ്ടൻസിൽ വെച്ച് വിവാഹിതരാവുകയും ചെയ്തിരുന്നു.
ലോകകപ്പ് മത്സരങ്ങൾക്കായി ആഷ്ലി ഇന്ത്യയിലായിരുന്ന സമയത്ത് കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് തോന്നിയതിനെ തുടർന്നാണ് മോണിക്ക ഇന്ത്യയിലേക്ക് എത്തിയത്. ലോകകപ്പിന്റെ സമ്മർദ്ദം മൂലമാണ് ആഷ്ലിയിൽ മാറ്റങ്ങൾ കണ്ടതെന്നാണ് ആദ്യം കരുതിയതെങ്കിലും മോണിക്ക എത്തിയതോടെ സാഹചര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. തുടർന്ന് സിഡ്നിയിൽ തിരിച്ചെത്തിയ ശേഷം ഇരുവരും നടത്തിയ സംഭാഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായതും ഇത് മോണിക്കയെ മാനസികമായി പൂർണ്ണമായും തകർത്തുകളഞ്ഞതും. ഒടുവിൽ കഴിഞ്ഞ വർഷം നവംബറോടെ ഇരുവരും വേർപിരിഞ്ഞു. തുടർന്ന്, ആഷ്ലി തന്നെ ചതിച്ചത് ഓസ്ട്രേലിയൻ ബാറ്ററായ ജോർജിയ വോളുമായി ചേർന്നാണെന്ന് വ്യക്തമാക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട് മോണിക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
ഒരു കുഞ്ഞിനായി ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഈ വേർപിരിയൽ ഉണ്ടായത് എന്നത് മോണിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം മോണിക്ക വീട്ടിലില്ലാത്ത സമയം നോക്കി ആഷ്ലി തന്റെ സാധനങ്ങളെല്ലാം എടുത്ത് അവിടെനിന്നും മാറിത്താമസിച്ചു. കബോർഡിൽ തങ്ങളുടെ വിവാഹമോതിരങ്ങളുടെ ബോക്സ് മാത്രം അവശേഷിപ്പിച്ചാണ് താരം വീടുവിട്ടിറങ്ങിയത്. പിന്നീട് സിഡ്നി സിക്സേഴ്സിന്റെ ക്യാപ്റ്റനായും ഓസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്നോടിയായി ഈ കുടുംബപ്രശ്നങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്നു. ആ സമയത്ത് മോണിക്കയുമായി ഒത്തുതീർപ്പിന് ആഷ്ലി ശ്രമിച്ചെങ്കിലും ബന്ധം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
നിലവിൽ ഓസ്ട്രേലിയൻ ഡ്രെസ്സിംഗ് റൂമിലെ പ്രധാന ചർച്ചാവിഷയമാണ് ഈ വേർപിരിയൽ. ഗാർഡ്നറുടെ ചില സഹതാരങ്ങൾ ഇപ്പോഴും മോണിക്കയുമായി ബന്ധം പുലർത്തുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണം തേടി ഡെയ്ലി മെയിൽ പത്രം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കമ്മ്യൂണിക്കേഷൻസ് ചീഫ് റിച്ചാർഡ് ഹിൻഡ്സിനെ സമീപിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
നിലവിൽ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരിൽ ഒരാളായ ഗാർഡ്നർ, തഹ്ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ സഹ-വൈസ് ക്യാപ്റ്റനായി അടുത്തിടെ ചുമതലയേറ്റിരുന്നു. കൂടാതെ ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ഗാർഡ്നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




