Oddly News

“എനിക്ക് കാറുമില്ല ഫ്ലാറ്റുമില്ല… ശമ്പളം 25,000 രൂപ” ; ഫ്ലെക്സ് ബോർഡ് വച്ച് വധുവിനെ തേടി യുവാവ്, വ്യത്യസ്തമായ മാട്രിമോണിയൽ പരസ്യം വൈറൽ

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പൂനെ സ്വദേശിയായ മുപ്പതുകാരൻ തിരക്കേറിയ ജംഗ്ഷനിൽ വലിയൊരു മാട്രിമോണിയൽ പരസ്യ ബോർഡ് സ്ഥാപിച്ചത് കൗതുകമാകുന്നു. പിംപിൾ സൗദാഗറിലെ കേറ്റ് പാട്ടീൽ ചൗക്കിന് സമീപം സ്ഥാപിച്ച ഈ ബോർഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകൾക്കിടയിൽ ചിരിയും കൗതുകവും ഉണർത്തിയിരിക്കുകയാണ്. ഏതെങ്കിലും വിവാഹ ബ്യൂറോയുടെയോ മാട്രിമോണിയൽ ഏജൻസിയുടെയോ പരസ്യമല്ല ഇത്. രാഘവ് വിശ്വാസറാവു ഷിൻഡെ എന്ന യുവാവിന്റെ ബയോഡാറ്റയും അനുയോജ്യയായ വധുവിനെ ആവശ്യമുണ്ട് എന്ന സന്ദേശവുമാണ് ഈ വലിയ ബോർഡിലുള്ളത്.

തനിക്ക് 30 വയസ്സുണ്ടെന്നും പ്രതിമാസം 25,000 രൂപ ശമ്പളമുണ്ടെന്നും സ്വന്തമായി കാറോ ഫ്ലാറ്റോ കൃഷിഭൂമിയോ ഇല്ലെന്നും ഈ ബോർഡിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള തനിക്ക് അനുയോജ്യയായ ഒരു പെൺകുട്ടിയെ അറിയാമെങ്കിൽ നിർദേശിക്കണം എന്ന അഭ്യർത്ഥനയോടെയാണ് പരസ്യം അവസാനിക്കുന്നത്. വഴിയാത്രക്കാരുടെയും സമൂഹമാധ്യമ ഉപയോക്താക്കളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കാൻ ഈ വ്യത്യസ്തമായ രീതിക്ക് സാധിച്ചു. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിവാഹം കഴിക്കാത്ത സുഹൃത്തുക്കളെ ടാഗ് ചെയ്തും തമാശകൾ പറഞ്ഞും നിരവധി പേരാണ് ഇതിനോട് പ്രതികരിക്കുന്നത്.

യുവാവ് ഫോൺ നമ്പർ വെയ്ക്കാൻ മറന്നുപോയെന്ന് ചിലർ തമാശ രൂപേണ കമന്റ് ചെയ്തപ്പോൾ, തങ്ങൾക്കും ഇതുപോലെ ഒരു ബോർഡ് സ്ഥാപിക്കണമെന്നാണ് മറ്റ് ചിലർ പറയുന്നത്. വിവാഹ ബ്യൂറോകളെ സമീപിക്കുന്നതാണ് ഇതിലും നല്ലതെന്ന് ചിലർ ഉപദേശിക്കുമ്പോൾ, ഈ ബോർഡ് വെക്കാൻ തന്നെ വലിയൊരു തുക ചിലവായിട്ടുണ്ടാകുമല്ലോ എന്നാണ് വേറെ ചിലരുടെ പരിഹാസം. എന്നാൽ ഇതൊരു യഥാർത്ഥ വിവാഹപ്പരസ്യം ആണോ അതോ ഏതെങ്കിലും സിനിമയുടെയോ ടെലിവിഷൻ പരമ്പരയുടെയോ പ്രചാരണത്തിന്റെ ഭാഗമായി ചെയ്തതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും ഈ അപൂർവ്വ പരസ്യ ബോർഡ് ഇപ്പോൾ പൂനെക്കാരുടെ ഇടയിലെ പ്രധാന ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *