Featured Oddly News

വൈറലാകുന്നതിന്റെ പിന്നിലുണ്ട് വലിയ വില! ഇൻഫ്ലുവൻസർമാരുടെ മാനസിക സമ്മർദ്ദത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

“ഇതൊരു കാലഘട്ടമായിരുന്നു, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒരു ഇൻസ്റ്റാഗ്രാം റീൽ ആക്കി മാറ്റാൻ മാത്രം ഞാൻ ചിന്തിച്ചിരുന്ന സമയം. ഞാൻ അനുഭവങ്ങളെ ആസ്വദിക്കുകയല്ലായിരുന്നു, പകരം അവയ്ക്കായി മനസ്സിൽ തിരക്കഥ തയ്യാറാക്കുകയായിരുന്നു. യൂട്യൂബ് തംബ്‌നെയിലുകൾ സങ്കൽപ്പിക്കുക, അടിക്കുറിപ്പുകൾ എഴുതുക, സാധാരണ സംഭാഷണങ്ങളെപ്പോലും എങ്ങനെ കണ്ടന്റ് ആക്കാം എന്ന് ആലോചിക്കുക ഇതൊക്കെയായിരുന്നു എന്റെ ചിന്തകൾ.

കഥകൾ പറയാനുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ കണ്ടന്റ് ക്രിയേഷൻ രംഗത്തേക്ക് വന്നത്. എന്നാൽ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഈ പണി പതുക്കെ എന്റെ ഉറക്കം കെടുത്താൻ തുടങ്ങി. സോഷ്യൽ മീഡിയയിലെ വ്യൂസും ലൈക്കുകളും ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരുന്നു. പുതിയ വീഡിയോകൾ ഇടാത്തപ്പോൾ വലിയ കുറ്റബോധം തോന്നി. ഒടുവിൽ, ഇതിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ആ തീരുമാനമാണ് ഞാൻ എന്തിനാണ് ഇത് തുടങ്ങിയതെന്ന് എന്നെ വീണ്ടും ഓർമ്മിപ്പിച്ചത്. പിന്നീട് എനിക്ക് മനസ്സിലായി, ഈ അനുഭവം എന്റേത് മാത്രമല്ലെന്ന്. “

ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ മേഖലയാണ് ക്രിയേറ്റർ ഇക്കോണമി. 2027-ഓടെ ഇതിന്റെ മൂല്യം 480 ബില്യൺ ഡോളറിനടുത്ത് എത്തുമെന്നാണ് കണക്കുകൾ. എന്നാൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനും ബ്രാൻഡ് ഡീലുകൾക്കും വൈറൽ നിമിഷങ്ങൾക്കും പിന്നിൽ വലിയൊരു മാനസിക തളർച്ചയുടെ കഥയുണ്ട്. ഫോളോവേഴ്സ് കുറഞ്ഞുപോകാതിരിക്കാനും, സ്ഥിരമായി വീഡിയോകൾ പങ്കുവെക്കാനും, മാറിക്കൊണ്ടിരിക്കുന്ന അൽഗോരിതത്തിനൊപ്പം ഓടിയെത്താനുമുള്ള സമ്മർദ്ദം കാരണം പല ക്രിയേറ്റർമാരും കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വലിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി പങ്കിട്ടെടുക്കാൻ ആളുകളുണ്ടാകും, എന്നാൽ സോഷ്യൽ മീഡിയ ക്രിയേറ്റർമാർ ആശയങ്ങൾ കണ്ടെത്തുന്നത് മുതൽ ബ്രാൻഡുകളുമായി സംസാരിക്കുന്നതും, ഷൂട്ട് ചെയ്യുന്നതും, എഡിറ്റ് ചെയ്യുന്നതും, കമന്റുകൾക്ക് മറുപടി നൽകുന്നതും വരെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്.

‘ഫുഡ്‌വാക്ക് വിത്ത് കൗശികി’ എന്ന പേജിന്റെ സ്ഥാപകയായ കൗശികി ഗുപ്ത പറയുന്നത് ഒരു ചെറിയ ഫുഡ് റീൽ നിർമ്മിക്കുന്നത് പോലും അത്ര എളുപ്പമല്ലെന്നാണ്. വിവിധ കോണുകളിൽ നിന്ന് ഷൂട്ട് ചെയ്യുക, ഭക്ഷണം കഴിച്ചു നോക്കുക, വോയ്‌സ് ഓവർ റെക്കോർഡ് ചെയ്യുക, അനുയോജ്യമായ സംഗീതം തിരഞ്ഞെടുക്കുക എന്നിവയെല്ലാം അവർ ഒറ്റയ്ക്കാണ് ചെയ്യുന്നത്. പലപ്പോഴും 30 മുതൽ 40 സെക്കൻഡ് വരെയുള്ള ഒരു വീഡിയോ ചെയ്യാൻ ഒരു ദിവസം മുഴുവൻ വേണ്ടിവരാറുണ്ട്. ആളുകൾ കാണുന്നത് അവസാനത്തെ മനോഹരമായ വീഡിയോ മാത്രമാണ്, അതിന് പിന്നിലെ അധ്വാനമല്ല. അക്കൗണ്ടന്റായ കൗശികി തന്റെ ജോലിക്കൊപ്പമാണ് ക്രിയേറ്റർ പദവിയും കൊണ്ടുപോകുന്നത്. വിവാഹശേഷം ആറുമാസത്തോളം അവർക്ക് വീഡിയോകൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ ഒരു ഇടവേള കാരണം 1,500 ഓളം ഫോളോവേഴ്സിനെയാണ് അവർക്ക് നഷ്ടമായത്. ഇതിൽ മനംനൊന്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെ അവർ നിർത്തിവെച്ചിരുന്നു. എന്നാൽ ഭർത്താവ് അമിത് നൽകിയ പിന്തുണയാണ് അവരെ വീണ്ടും സജീവമാക്കിയത്.

സോഷ്യൽ മീഡിയ ക്രിയേറ്റർമാരുടെ മാനസിക തളർച്ച പെട്ടെന്ന് പുറത്തു കാണണമെന്നില്ല. ചെയ്യുന്ന ജോലിയിൽ ഒട്ടും താല്പര്യമില്ലാതാവുകയും സർഗ്ഗാത്മകമായി ചിന്തിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്. പല ക്രിയേറ്റർമാരും ആശയങ്ങൾ ഇല്ലാഞ്ഞിട്ടല്ല, പകരം ശരീരത്തിനും മനസ്സിനും ആവശ്യത്തിന് വിശ്രമം കിട്ടാത്തതുകൊണ്ടാണ് മടുത്തുപോകുന്നത്. എന്നാൽ ഇപ്പോൾ പലരും സോഷ്യൽ മീഡിയയോടുള്ള തങ്ങളുടെ സമീപനം മാറ്റാൻ തുടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരു പോസ്റ്റ് മാത്രമിട്ടാലും കുഴപ്പമില്ല, ഇതിനെ ഒരു ഭാരമായി കൊണ്ടുനടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ലൈഫ് സ്റ്റൈൽ ക്രിയേറ്ററായ വിന്നി ജെയിൻ പറയുന്നത്. മറ്റൊരു ക്രിയേറ്ററായ ആസ്ത ശ്രീവാസ്തവയും ഇതേ അഭിപ്രായക്കാരിയാണ്. ജീവിതത്തിലെ എല്ലാ സ്വകാര്യ നിമിഷങ്ങളും മറ്റുള്ളവരെ കാണിക്കേണ്ടതില്ലെന്നും അൽഗോരിതത്തിലെ മാറ്റങ്ങൾ നമ്മുടെ സ്വയംവിശ്വാസത്തെ ബാധിക്കാൻ അനുവദിക്കരുത് എന്നും അവർ വിശ്വസിക്കുന്നു.

തുടർച്ചയായ ജോലി സമ്മർദ്ദം മൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ തളർച്ചയെയാണ് ലോകാരോഗ്യ സംഘടന ‘ബർൺഔട്ട്’ എന്ന് വിളിക്കുന്നത്. ക്രിയേറ്റർമാരുടെ ജീവിതം ഇപ്പോൾ ഇതിന് സമാനമാണ്. കൃത്യമായ സമയക്രമമില്ലായ്മ, അൽഗോരിതത്തിന്റെ മാറ്റങ്ങൾ, പൊതുജനങ്ങളുടെ വിമർശനങ്ങൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. പല ക്രിയേറ്റർമാരും ഉറക്കമില്ലായ്മയും കടുത്ത തളർച്ചയും കാരണമാണ് കൗൺസിലിംഗിന് എത്തുന്നതെന്ന് മാനസികാരോഗ്യ വിദഗ്ദ്ധനായ ഡോ. സുജിത് പോൾ പറയുന്നു. പലരും തങ്ങളുടെ വ്യക്തിത്വത്തെ അളക്കുന്നത് ലൈക്കുകളുടെയും ഫോളോവേഴ്സിന്റെയും എണ്ണം വെച്ചാണ്. എന്നാൽ പ്രശസ്തിയും ജീവിത ലക്ഷ്യവും രണ്ടാണ്. അൽഗോരിതങ്ങളിൽ നിന്ന് സ്വന്തം ആത്മാഭിമാനത്തെ വേർതിരിച്ചു കാണാൻ ക്രിയേറ്റർമാർ പഠിക്കേണ്ടതുണ്ട്. ഫോണിന്റെ ഉപയോഗം കുറയ്ക്കുക, കൃത്യമായി ഉറങ്ങുക, സോഷ്യൽ മീഡിയക്ക് പുറത്തുള്ള ആളുകളുമായി നല്ല സൗഹൃദം സ്ഥാപിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരം.

പോഡ്കാസ്റ്റുകൾ ചെയ്യുന്ന ദിവ്യ ജെയിൻ പറയുന്നത്, ഒരു വീഡിയോ ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുന്നതിനേക്കാൾ വലിയ അധ്വാനം അതിന് പിന്നിലുണ്ടെന്നാണ്. കൃത്യമായ ഗവേഷണങ്ങൾക്ക് ശേഷമാണ് ഓരോ പോഡ്കാസ്റ്റും ചെയ്യുന്നത്. കാണുന്നവരുടെ ലൈക്കുകളേക്കാൾ ആ വീഡിയോ വഴി അവരുടെ ചിന്തകളിൽ ഉണ്ടായ മാറ്റങ്ങളാണ് തനിക്ക് കൂടുതൽ സന്തോഷം നൽകിയതെന്ന് അവർ പറയുന്നു. എട്ടുവർഷമായി ഈ രംഗത്തുള്ള ശബ്ബാർ ഫസൽ അഹമ്മദ് പറയുന്നത്, കണ്ടന്റ് ക്രിയേഷൻ എന്നാൽ എളുപ്പത്തിൽ പണവും പ്രശസ്തിയും ഉണ്ടാക്കുന്ന വഴിയാണെന്നാണ് പലരും വിചാരിക്കുന്നത് എന്നാണ്. എന്നാൽ 24 മണിക്കൂറും സർഗ്ഗാത്മകമായി ചിന്തിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദമുള്ള ഒരു ജോലിയാണിത്.

ഇന്ന് ക്രിയേറ്റർമാരുടെ ചിന്താഗതിയിൽ വലിയൊരു മാറ്റം വരുന്നുണ്ട്. ഒരു വീഡിയോ വൈറലാകുന്നതിനേക്കാൾ പ്രധാനം ഈ രംഗത്ത് ദീർഘകാലം ആരോഗ്യത്തോടെ നിലനിൽക്കുക എന്നതാണെന്ന് അവർ തിരിച്ചറിയുന്നു. പലരും വീഡിയോകളുടെ എണ്ണം കുറയ്ക്കാനും സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകാനും തുടങ്ങി. എന്റെ ഉറക്കമില്ലാത്ത രാത്രികൾക്ക് കാരണം വീഡിയോകൾ ചെയ്യാനുള്ള കുറവ് കൊണ്ടായിരുന്നില്ല, മറിച്ച് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം എന്ന ചിന്തയായിരുന്നു. മികച്ച ഒരു കണ്ടന്റ് ക്രിയേറ്റർ ആകാൻ ദിവസവും വീഡിയോകൾ ചെയ്യണമെന്നില്ല, മറിച്ച് ആവശ്യത്തിന് വിശ്രമിക്കുക എന്നതും ഈ ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. സ്ക്രീനിൽ കാണുന്ന ഓരോ മനോഹരമായ വീഡിയോയ്ക്ക് പിന്നിലും കഠിനാധ്വാനവും അതിനൊപ്പം സ്വന്തം മാനസികാരോഗ്യം നിലനിർത്താൻ പോരാടുന്ന ഒരു മനുഷ്യനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *