Celebrity

‘കാന്‍സറൊന്നുമല്ല, എല്ലാം വെറും അഭിനയം’; സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം; മുടി കൊഴിയുന്ന വീഡിയോയുമായി രേണു സുധി

തനിക്കെതിരെ ഉയരുന്ന ക്രൂരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി രേണു സുധി. തന്റെ മനസ്സിന് കാൻസറില്ലെന്നും ശരീരത്തെ ബാധിച്ചത് നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസറല്ലെന്നുമാണ് രേണുസുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തനിക്ക് കാൻസറില്ലെന്നും സഹതാപം പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നും പറയുന്നവർക്കുള്ള മറുപടിയായാണ് രേണു ഈ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള മോശം കമന്റുകൾ വന്നത്.

അല്പം രോഷത്തോടെയാണ് രേണു സുധി മുൻപത്തെ വീഡിയോയിൽ സംസാരിച്ചത്. ഈ വീഡിയോ വൈറലായതോടെ, രേണുവിന് കാൻസറില്ലെന്നും ഇതെല്ലാം വെറും അഭിനയമാണെന്നും ആരോപിച്ച് ചിലർ രംഗത്തെത്തി. ‘നഷ്ടപ്പെട്ട ഓർമ്മയും ശബ്ദവും ആരോഗ്യവും നിമിഷനേരം കൊണ്ട് തിരിച്ചു കിട്ടിയല്ലോ’, ‘മികച്ച അഭിനയം’ എന്നിങ്ങനെയായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റുകൾ. ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടിയായി തലയിൽ നിന്നും മുടി കൊഴിഞ്ഞു പോകുന്ന ദൃശ്യങ്ങളും രേണു പുതിയ വീഡിയോയിൽ കാണിക്കുന്നുണ്ട്.

‘എനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്… അതെ, എന്റെ മനസ്സിന് കാൻസർ ഇല്ല, പക്ഷേ ശരീരത്തിന്… നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയൊരു കാൻസറല്ല എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്’ എന്നാണ് വീഡിയോയ്ക്കൊപ്പം അവർ എഴുതിയിരിക്കുന്നത്. കാൻസർ ബാധിതയായ രേണു സുധി കീമോ ചികിത്സയുടെ ഭാഗമായാണ് മുടി മുറിച്ചിരിക്കുന്നത്.

രേണുവിനെ കാണാൻ അന്തരിച്ച നടൻ സുധിയുടെ മകൻ കിച്ചു (രാഹുൽ ദാസ്) എത്താത്തതിനെ ചൊല്ലിയായിരുന്നു മുൻപ് സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നത്. ഇതിന്റെ കാരണം വ്യക്തമാക്കി കിച്ചു ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിന് മറുപടിയായാണ് രേണു സുധിയും രംഗത്തെത്തിയത്. കിച്ചുവിന്റെ വീഡിയോകൾ കണ്ടതോടെ രേണു എന്ന അധ്യായം അവസാനിച്ചെന്നാണ് അവൻ പറഞ്ഞതെന്നും, അതുകൊണ്ട് താൻ മരിച്ചാൽ പോലും ശവം കാണാൻ കിച്ചു വരേണ്ടതില്ലെന്നുമാണ് രേണു സുധി ഇതിനോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *