ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഭാര്യ റൂബി ശർമ്മ . ഭർത്താവ് സുരേന്ദ്ര ശർമ്മയ്ക്ക് ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് താൻ കൊലപാതകം നടത്തിയതെന്ന് റൂബി പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. അയൽക്കാരും ബന്ധുക്കളും സുരേന്ദ്രയെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് റൂബി പറഞ്ഞിരുന്നത്. മേയ് 26-ന് റൂബിയും ഭർത്താവിന്റെ സഹോദരനായ അനിലും ചേർന്നാണ് സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണം പുരോഗമിക്കവെ അനിലിന് റൂബിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഭർത്താവിനെ കാണാതായതിൽ റൂബി അയൽക്കാരുടെ മുന്നിൽ വെച്ച് കരഞ്ഞ് അഭിനയിക്കുകയും അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നതായി ഭാവിക്കുകയും ചെയ്തിരുന്നു.
എന്നാൽ റൂബി പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭർത്താവ് മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിട്ടിരുന്നതായും അത് വലിയ പ്രശ്നങ്ങളിലേക്ക് മാറുമോ എന്ന ഭയം കൊണ്ടാണ് താൻ കൊലപാതകം നടത്തിയതെന്നും റൂബി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം സുരേന്ദ്രന്റെ മൃതദേഹം മൺതറയായിരുന്ന ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. തൊട്ടടുത്ത ദിവസം തന്നെ റൂബി തൊഴിലാളികളെ വിളിച്ച് മണ്ണ് വരുത്തിച്ച് മൃതദേഹത്തിന് മുകളിൽ മൂടുകയും, പിന്നീട് ഒരു മേസ്തിരിയെക്കൊണ്ട് ബാത്ത്റൂം കോൺക്രീറ്റ് ചെയ്യിക്കുകയും ചെയ്തു.
കൊലപാതകം നടന്ന് ഒന്നുരണ്ട് ദിവസത്തിനകം തന്നെ ബാത്ത്റൂം നവീകരിച്ചതിനാൽ തൊഴിലാളികൾക്ക് യാതൊരുവിധ ദുർഗന്ധവും അനുഭവപ്പെട്ടതുമില്ല. 45 ദിവസങ്ങൾക്ക് ശേഷം ബാത്ത്റൂമിന്റെ കോൺക്രീറ്റ് തറ പൊളിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഈ കൊലപാതകത്തിൽ റൂബിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.




