ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ മദ്യപാനിയായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിലായി. 23 വയസുകാരനായ രാം ബാബുഭായ് ഭാംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുഭായ് ഭാംഭാവയെയും മാതാവ് മനീഷബെന്നിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതനായ രാം സ്ഥിരമായി മദ്യപിച്ച് മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് മകനെ വകവരുത്താൻ തീരുമാനിച്ച ഇവർ, കൊലപാതകത്തിന് ശേഷം അത് ആത്മഹത്യയായി ചിത്രീകരിക്കാനും പദ്ധതിയിട്ടു. സംഭവദിവസം മദ്യപിച്ചെത്തിയ രാം മാതാപിതാക്കളുമായി വീണ്ടും വഴക്കിലായി. ഇതിനിടയിൽ മാതാവ് മനീഷബെൻ കയ്യിൽ കരുതിയിരുന്ന ആസിഡ് രാമിനെ ബലമായി കുടിപ്പിച്ചു. ആസിഡ് ഉള്ളിൽച്ചെന്ന് അവശനായ മകനെ പിതാവ് ക്രൂരമായി മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മകൻ സ്വയം ആസിഡ് കുടിച്ച് മരിച്ചതാണെന്നാണ് മാതാപിതാക്കൾ ആദ്യം പൊലീസിനെ ധരിപ്പിച്ചത്. തുടർന്ന് പിതാവ് തന്റെ സ്വാധീനം ഉപയോഗിച്ച് മെഡിക്കൽ കോളേജിന് പകരം മറ്റൊരു ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇതിൽ സംശയം തോന്നിയ രാമിന്റെ ഭാര്യ ഭർത്താവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തുടർന്ന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ നാല് മക്കളിൽ മൂത്തവനായിരുന്നു കൊല്ലപ്പെട്ട രാം.




