കൊച്ചി: ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസില്‍ വെച്ചു നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായ രീതിയിൽ ആഡംബര കാറുകള്‍ രാജ്യത്തേയ്ക്ക് കടത്തുന്നത് തടയാനായി കസ്റ്റംസ് ആരംഭിച്ച ‘ഓപ്പറേഷന് നുംഖോര്‍’ എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിച്ചുവരുത്തിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസാന്‍ പെട്രോള്‍ എന്നീ ആഡംബര വാഹനങ്ങളും, താരം പ്രധാന വേഷത്തിലെത്തിയ ‘ലക്കി ഭാസ്കര്‍’ എന്ന തെലുങ്ക് സിനിമയില്‍ ഉപയോഗിച്ച നിസാന്‍ കാറും കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
കള്ളക്കടത്ത് സംഘം ഭൂട്ടാന് അതിര്‍ത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളാണ് ദുല്‍ഖറിന് വിറ്റതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഈ നടപടികളിലേക്ക് കടന്നത്. എന്നാൽ ഈ കാറുകൾ കള്ളക്കടത്തിലൂടെ എത്തിച്ചതാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് ദുല്‍ഖര്‍ മൊഴി നല്‍കിയത്. ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് വില്‍ക്കുന്നു എന്നതായിരുന്നു കേസ്.
താൻ നിയമപരമായാണ് ഈ കാറുകള്‍ വാങ്ങിയതെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത കാറുകള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ അന്വേഷണസംഘം ആവശ്യപ്പെടുമ്പോഴെല്ലാം വാഹനങ്ങള്‍ ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.




