മുംബൈ: ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ അവർക്ക് പട്ടികജാതി/പട്ടികവർഗ (പീഡനം തടയൽ) നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ദമ്പതികൾക്കെതിരെ അവരുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അന്നുമുതൽ ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വ്യക്തമാക്കിയതായി ജസ്റ്റിസ് വൃഷാലി വി. ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മതംമാറ്റത്തിന് ശേഷം ഇവർ പേര് മാറ്റിയതായും കോടതി അറിയിച്ചു.
ഹിന്ദു മഹർ സമുദായത്തിൽപ്പെട്ട പരാതിക്കാരി 2011-ലാണ് ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത്. പിന്നീട് കുടുംബത്തിൽ സ്വത്തുതർക്കം ഉണ്ടായതോടെ, തങ്ങൾക്കൊപ്പം താമസിക്കാൻ വന്ന ഭർത്താവിന്റെ സഹോദരിക്കും ഭർത്താവിനുമെതിരെ യുവതി കേസ് നൽകുകയായിരുന്നു. വീട്ടിൽ ശുചിത്വം പാലിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബന്ധുക്കൾ തങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്നും, താൻ പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് യുവതി ആരോപിച്ചത്. എന്നാൽ, ഈ തർക്കം വെറുമൊരു സിവിൽ സ്വഭാവമുള്ളതാണെന്നും യുവതി വ്യാജ പരാതി നൽകിയതാണെന്നും പ്രതിഭാഗം അഭിഭാഷകൻ സത്യവ്രത് ജോഷി വാദിച്ചു.
പരാതിക്കാരി മുൻപ് പട്ടികജാതിയിൽപ്പെട്ട ആളായിരുന്നുവെങ്കിലും, നിലവിൽ ഇസ്ലാം മതം സ്വീകരിച്ച് ജീവിക്കുന്നതിനാൽ അവർക്ക് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ബാധകമാകില്ലെന്ന് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ മുൻനിർത്തി പ്രോസിക്യൂഷനും സമ്മതിച്ചു. എങ്കിലും ഈ മതംമാറ്റം മറ്റ് ക്രിമിനൽ കുറ്റങ്ങളെ ബാധിക്കില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇതേത്തുടർന്ന്, പട്ടികജാതി/വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് പ്രതികളായ ദമ്പതികളെ കോടതി ഒഴിവാക്കി. എന്നാൽ, യുവതിയെ ശാരീരികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട മറ്റ് കുറ്റാരോപണങ്ങളിൽ വിചാരണ നേരിടാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ ഉള്ളതിനാൽ പ്രതികൾക്കെതിരെയുള്ള മറ്റ് ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിച്ചു.




