Featured Sports

വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, ഇതാണ് ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും; പിന്നെ കണ്ടില്ലെന്ന് പറഞ്ഞേക്കരുത്…!!

കഴിഞ്ഞ മത്സരത്തില്‍ ഒന്നു ഇരുന്നുപോയെന്ന് വെച്ച് എന്തെല്ലാമായിരുന്നു കേട്ടത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിമര്‍ശകരുടെ വായിലേക്ക് പന്തടിച്ചു കയറ്റിയിരിക്കുകയാണ് ശ്രേയസ് അയ്യരും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായപ്പോള്‍ അവസരത്തിനൊത്ത് ഉയരാത്തവന്‍ എന്നായിരുന്നു ശ്രേയസിന് വിമര്‍ശനം. കോഹ്ലിയാകട്ടെ പൂജ്യത്തിന് പുറത്തായതിനും നന്നായി കേട്ടു.

എന്നാല്‍ ഇന്ത്യയുടെ ഏഴാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ രണ്ടുപേരും വിമര്‍ശകരുടെ വായടപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് അയ്യര്‍ വിമര്‍ശകരുടെ കണ്ണു തള്ളിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ സ്‌കോറുകള്‍ വെച്ച് നനഞ്ഞ പടക്കമെന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ആറു സിക്‌സറുകള്‍ പറത്തിയാണ് ശ്രേയസ് തന്റെ കഴിവ് കാണിച്ചുകൊടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിന് 357 റണ്‍സ് അടിച്ചപ്പോള്‍ 82 റണ്‍സ് ശ്രേയസ് അയ്യരുടെ വകയായിരുന്നു.

തകര്‍പ്പന്‍ ഫോമിലായിരുന്നു അയ്യര്‍ 56 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും പറത്തിയാണ് 82 ല്‍ എത്തിയത്. ഇടയ്ക്ക് കസുന്‍ രജിതയ്ക്കിട്ട് ശ്രേയസ് പറത്തിയ ഒരു സിക്‌സറിന്റെ നീളം 106 മീറ്ററായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ കൂറ്റന്‍ സിക്‌സറിന്റെ റെക്കോഡിനൊപ്പമാണ് വാങ്കഡേയില്‍ നേടിയ ശ്രേയസിന്റെ സിക്‌സറും എത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ട്രോളിയവര്‍ക്ക് വിരാട്‌കോഹ്ലിയും മറുപടി നല്‍കി. 88 റണ്‍സടിച്ചായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. 94 പന്തുകളില്‍ 11 ബൗണ്ടറികള്‍ കോഹ്ലി നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന കോഹ്ലി ഏകദിന ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ 2011-14, 2017-19, 2023 വര്‍ഷങ്ങളില്‍ ഇത് എട്ടാം തവണയാണ് വിരാട് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. 1994, 1996-98, 2000, 2003, 2007 വര്‍ഷങ്ങളിലാണ് സച്ചിന്‍ ഏകദിനത്തില്‍ നാല് അക്ക നേട്ടം കൈവരിച്ചത്.

സെഞ്ച്വറി നഷ്ടമായെങ്കിലും കോഹ്ലി തന്റെ കരിയറില്‍ മറ്റൊരു വലിയ നേട്ടം കൂടി കൈവരിച്ചു. ഏറ്റവും കൂടുതല്‍ ഏകദിന അര്‍ധസെഞ്ചുറി നേടിയ രണ്ടാമത്തെ താരമായും കോഹ്ലി മാറി. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്തി.118 അര്‍ദ്ധശതകങ്ങളാണ് രണ്ടുപേര്‍ക്കുമുള്ളത്. തൊട്ടു മുന്നില്‍ 145 അര്‍ദ്ധശതകങ്ങളുമായി സച്ചിനാണ് ഒന്നാമത്. നായകന്‍ രോഹിത് ശര്‍മ്മ നാലു റണ്‍സിന് കൂടാരം കയറിയതിന് പിന്നാലെ എത്തിയ വിരാട്‌കോഹ്ലി യുവതാരം ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ശുഭ്മാന്‍ ഗില്‍ 92 റണ്‍സ് നേടി.