Crime

തെളിവില്ലാതെ എങ്ങിനെ കൊല്ലാം? വീഡിയോ കണ്ടു പഠിച്ചു; കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

സ്വത്ത് തര്‍ക്കത്തെയും കടബാദ്ധ്യതയെയും തുടർന്ന് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ജൂണ്‍ 22-ന് ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ട്രാക്കിംഗ് എന്നിവയിലൂടെയും ഇരുപതോളം പേരെ ചോദ്യം ചെയ്തതിലൂടെയും നല്‍ഗൊണ്ട പോലീസ് നാല് ദിവസത്തിനകം പ്രതികളെ വലയിലാക്കി.

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സുല്‍ത്താന്‍, ഭാര്യ ഹസീന, മകന്‍ മുജമ്മില്‍, മകള്‍ അഫ്‌സര എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആരും അറിയാതിരിക്കാൻ മൃതദേഹങ്ങള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീട് പുറത്തുനിന്ന് പൂട്ടി പ്രതികൾ കടന്നുകളയുകയായിരുന്നു.

രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്ത് തർക്കവും വലിയ കടബാദ്ധ്യതയും കുടുംബ വഴക്കുകളുമാണ് ഈ കൊലപാതകത്തിന് കാരണമെന്ന് ജില്ലാ എസ്പി ശരത് ചന്ദ്ര പവാര്‍ പറഞ്ഞു. ഹൈദരാബാദുകാരനായ കാര്‍ ഡ്രൈവര്‍ സയ്യിദ് അസ്ലമാണ് ഈ കേസിലെ പ്രധാന പ്രതി. ഇയാളുടെ ആഡംബര ജീവിതം കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഭാര്യയുടെ അമ്മായിയായ ഹസീനയില്‍ നിന്ന് ഇയാള്‍ മുൻപ് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പിന്നീട് ഒരു പുതിയ കാര്‍ വാങ്ങാന്‍ വീണ്ടും വായ്പ ചോദിച്ചെങ്കിലും അവർ പണം നൽകാൻ തയ്യാറായില്ല. മാത്രമല്ല, പഴയ വായ്പയുടെ പലിശ നല്‍കാത്തതിന് അസ്ലമിനെ അവർ പരിഹസിക്കുകയും ചെയ്തു.

ഇതിന് മുൻപ് ഹസീനയുടെ വീട്ടില്‍ നിന്ന് ഭൂമിയുടെ ആധാരങ്ങൾ മോഷ്ടിക്കാന്‍ അസ്ലം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ സ്വത്ത് കൈമാറാന്‍ ഹസീന വിസമ്മതിക്കുകയും പുതിയ വായ്പ നിഷേധിക്കുകയും ചെയ്തതോടെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി.

അസ്ലമിന്റെ ഭാര്യ തബസ്സുമിനും ഹസീനയോട് വലിയ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. തബസ്സുമിന്റെ അമ്മയ്ക്കെതിരെ ഹസീനയുടെ ആദ്യ ഭര്‍ത്താവ് മുൻപ് പോലീസ് പരാതി നല്‍കിയിരുന്നതാണ് ഇതിന് കാരണം. പണവും സ്വത്തും മോഷ്ടിക്കാനായി ഹസീനയുടെ വീട് തന്നെ ലക്ഷ്യമിടാന്‍ തബസ്സുമും അസ്ലമിനെ പ്രേരിപ്പിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകളും ശത്രുതയും കൂടിയായപ്പോൾ, കൃത്യമായ പ്ലാനോടെ കൊലപാതകം നടത്താനായി അസ്ലം ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് പഠിക്കുകയായിരുന്നു. പോലീസിന്റെ നിഗമനമനുസരിച്ച്, ജൂണ്‍ 19 ന് പുലര്‍ച്ചെ ഹസീനയുടെ വീട്ടിലെത്തിയ അസ്ലം ആദ്യം ഹസീനയെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അക്രമത്തിന്റെ ഭീകരത വ്യക്തമായിട്ടുണ്ട്. സുല്‍ത്താന് ആറും ഹസീനയ്ക്ക് ഏഴും മകള്‍ അഫ്‌സരയ്ക്ക് ഒന്‍പതും കുത്തേറ്റപ്പോൾ, മകന്‍ മുജമ്മിലിന്റെ ശരീരത്തിൽ 16 കുത്തുകളാണ് ഉണ്ടായിരുന്നത്. മുജമ്മില്‍ പ്രതിയെ തിരിച്ചുപൊരുതാന്‍ ശ്രമിച്ചതാകാം ഇത്രയധികം കുത്താൻ കാരണമെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടി പേടിച്ച് കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെനിന്ന് വലിച്ചിഴച്ചാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയ ശേഷം പണം, സ്വര്‍ണം, സ്വത്ത് രേഖകള്‍ എന്നിവ കവർന്ന് പ്രതികൾ കാറിൽ രക്ഷപ്പെട്ടു. പിന്നീട് ഈ സ്വര്‍ണം 5.30 ലക്ഷം രൂപയ്ക്ക് ഇവർ പണയം വെച്ചു. അന്വേഷണത്തിൽ 3 ലക്ഷം രൂപ, സ്വര്‍ണം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, ചോരപുരണ്ട വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സയ്യിദ് അസ്ലം, തബസ്സും, മുഹമ്മദ് സുഹൈല്‍, ഹേമന്ത് കുമാര്‍ എന്നീ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ സഹായിച്ച മറ്റ് രണ്ട് പേര്‍ക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *