മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ്, ക്രൂയിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തു. പ്രതിവർഷം 4.25 കോടി രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് യുഎസിലെ ടെക്സാസിൽ ഹലാൽ ബാർബിക്യൂ (BBQ) റെസ്റ്റോറന്റ് തുടങ്ങി. ഇപ്പോള്‍ പ്രതിവര്‍ഷ വരുമാനം 21.7 കോടി രൂപ.
ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി മേഖലയോട് വിരക്തി തോന്നിയതിനാലാണ് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീൻ അബ്ദുൾ-കാഫി പറഞ്ഞു.
സാൻ ഫ്രാൻസിസ്കോ വിട്ടതിന് ശേഷം, 50 ശതമാനത്തിലധികം ശമ്പളം കുറച്ച് അബ്ദുൾ-കാഫി ഒരു ലാഭരഹിത സംഘടനയിൽ ചേർന്നു. ഈ ജോലിയോടൊപ്പം അദ്ദേഹം സുഹൃത്തുക്കൾക്കായി ഡിന്നർ പാർട്ടികൾ സംഘടിപ്പിക്കാനും ബാർബിക്യൂ പാകം ചെയ്യാനും തുടങ്ങി. ഇത്ര രുചിയുള്ള ബാർബിക്യൂ തങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തോട് പറഞ്ഞത്.
ടെക്സാസ് ബാർബിക്യൂവിൽ ഇതുവരെ ഇല്ലാത്ത പുതിയൊരു രുചിക്ക് അവിടെ സ്ഥാനമുണ്ടോ എന്ന് താൻ ആലോചിക്കാൻ തുടങ്ങിയത് അപ്പോഴാണെന്ന് അബ്ദുൾ-കാഫി ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. 2024 ഡിസംബറിലാണ് ‘കാഫി ബിബിക്യു’ തുറന്നത്. മൂന്ന് ദിവസത്തേക്ക് ആവശ്യമായ ബാർബിക്യൂ തങ്ങൾ തയ്യാറാക്കിയിരുന്നുവെങ്കിലും ആദ്യ ദിവസം തന്നെ അതെല്ലാം വിറ്റുതീർന്നു. അന്നുരാത്രി തന്നെ തങ്ങൾ വീണ്ടും പാചകം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുടനീളവും രാജ്യത്തും വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയ ഈ റെസ്റ്റോറന്റ്, ഈ വർഷം 37.8 കോടി രൂപ (4 ദശലക്ഷം ഡോളർ) വരുമാനം നേടാനുള്ള പാതയിലാണെന്ന് അബ്ദുൾ-കാഫി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 21.7 കോടി രൂപയ്ക്ക് (2.3 ദശലക്ഷം ഡോളർ) അടുത്തു മാത്രമായിരുന്നു വരുമാനമെന്നും ഈ വർഷം അത് 37.8 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും റെസ്റ്റോറന്റ് തുടങ്ങിയതിനു ശേഷം താൻ ഇതുവരെ ഒരു ഡോളർ പോലും ശമ്പളമായി എടുത്തിട്ടില്ലെന്നും സ്വന്തം സമ്പാദ്യം കൊണ്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റെസ്റ്റോറന്റിന്റെ ഈ ദ്രുതഗതിയിലുള്ള വളർച്ചയിലും അബ്ദുൾ-കാഫി ഭാവികാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ്. ബിസിനസ്സ് ഇപ്പോൾ ലാഭകരമായി മാറിയിട്ടുണ്ടാകാമെങ്കിലും, ഇതിനായി ആദ്യം മുടക്കിയ ഏകദേശം 1 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഇതുവരെ പൂർണ്ണമായി തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. റെസ്റ്റോറന്റ് നടത്തുന്നതിനുള്ള ഉയർന്ന ചെലവുകളെക്കുറിച്ച് വ്യക്തമാക്കിയ അബ്ദുൾ-കാഫി, പ്രതിമാസ ചെലവ് 215,000 ഡോളറിലധികം വരുമെന്ന് അറിയിച്ചു. ഇതിൽ ഭക്ഷണ സാധനങ്ങൾക്കായി 125,000 ഡോളറും, ജീവനക്കാരുടെ ശമ്പളത്തിനായി 50,000 ഡോളറും, വാടകയിനത്തിൽ 15,000 ഡോളറും ഉൾപ്പെടുന്നു. ഇതിനുപുറമെ പരസ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആയിരക്കണക്കിന് ഡോളർ വേറെയും ചിലവാകുന്നുണ്ട്.




