ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ചോദ്യത്തിന്, പത്ത് ലക്ഷം വോട്ട് ഉറപ്പാണെന്നായിരുന്നു ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി അന്റോണിയോ റ്റാജനിയുടെ മറുപടി. മെലോനിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ജോര്‍ജാസ് വിഷനി’ലാണ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലുണ്ടായ ഈ രസകരമായ അനുഭവം അവര്‍ പങ്കുവെക്കുന്നത്.
തന്റെ 2023-ലെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ലഭിച്ച വന്‍ സ്വീകരണത്തെക്കുറിച്ച് പുസ്തകത്തില്‍ മെലോനി വിശദമായി പ്രതിപാദിക്കുന്നുണ്ട്. അന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. നഗരത്തിലെ റോഡുകളിലുടനീളം തന്റെ ചിത്രങ്ങളും സ്വാഗത ബോര്‍ഡുകളും നിറഞ്ഞിരുന്നു. മടങ്ങിപ്പോകുന്ന സമയത്താകട്ടെ ‘താങ്ക്യൂ ഫോര്‍ വിസിറ്റിങ്’ എന്നെഴുതിയ വലിയ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഈ സ്നേഹപ്രകടനം കണ്ട് മനസ് നിറഞ്ഞപ്പോഴാണ് ഉപപ്രധാനമന്ത്രി അന്റോണിയോ റ്റാജനി ആ തമാശ പറഞ്ഞതെന്ന് മെലോനി ഓര്‍ക്കുന്നു.
മെലോനി ഡല്‍ഹി നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പത്ത് ലക്ഷം വോട്ടുകള്‍ നേടുമെന്നായിരുന്നു റ്റാജനിയുടെ ആ ചിരിയുണര്‍ത്തിയ പ്രതികരണം. ഇന്ത്യയില്‍ നിന്ന് ഇത്രയും ഹൃദ്യമായൊരു വരവേല്‍പ്പ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ ഒരൊറ്റ വര്‍ഷം തന്നെ രണ്ടു തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും മെലോനി വ്യക്തമാക്കുന്നുണ്ട്. അലസാന്ദ്രോ സെല്ലസ്തിയുമായി നടത്തിയ സംഭാഷണങ്ങളുടെ രൂപത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ നരേന്ദ്രമോദിയും ജോര്‍ജ മെലോനിയും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ആരാധകര്‍ അവരുടെ പേരുകള്‍ ചേര്‍ത്ത് ‘മെലോഡി’ എന്നൊരു വാക്കും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും സംസാരിക്കുന്ന ഒരു വിഡിയോയും അതിനടുത്ത് നിന്നിരുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ചിരിയുമെല്ലാം സൈബര്‍ ലോകത്ത് വലിയ തോതില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, വിവിധ രാജ്യാന്തര ഉച്ചകോടികളിലും ഇവരുടെ സൗഹൃദം വലിയ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ റോം സന്ദര്‍ശിച്ച വേളയില്‍ മോദി മെലോനിക്ക് ഒരു പാക്കറ്റ് ‘മെലോഡി’ മിഠായി സമ്മാനമായി നല്‍കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ, ‘ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പ്രശസ്തരായ ജോഡികള്‍ നമ്മളാണ്’ എന്ന് മെലോനി തമാശയായി പറഞ്ഞതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
മെലോനി നടത്തിയ വിവിധ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ഔദ്യോഗിക ചര്‍ച്ചകള്‍ക്കപ്പുറം നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക സംഭാഷണങ്ങളും, കഥകളും, സൗഹൃദങ്ങളുമെല്ലാം ഇതില്‍ വിവരിക്കുന്നുണ്ട്. ടുണീഷ്യന്‍ പ്രസിഡന്റ് കായിസ് സയിദുമായുള്ള സൗഹൃദത്തെക്കുറിച്ചും സമാനമായൊരു രസകരമായ സംഭവം പുസ്തകത്തിലുണ്ട്.
പുകവലി പൂര്‍ണ്ണമായി നിര്‍ത്തിയിരുന്ന താന്‍ വീണ്ടും അത് തുടങ്ങിയത് സയിദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്ന് മെലോനി പറയുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സയിദ് മെലോനിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെയുള്ള കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിനിടെ താന്‍ ഒരു സിഗരറ്റ് വലിച്ചോട്ടെ എന്ന് സയിദിനോട് ചോദിച്ചെന്നും, അദ്ദേഹം സന്തോഷത്തോടെ തനിക്ക് സിഗരറ്റ് പാക്കറ്റ് വെച്ചുനീട്ടിയെന്നുമാണ് മെലോനി എഴുതുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വലിയ ബന്ധങ്ങള്‍ പലതും ശക്തമാകുന്നത് ഔദ്യോഗിക ചര്‍ച്ചകളിലൂടെ മാത്രമല്ല, ഇത്തരം വ്യക്തിപരമായ സൗഹൃദങ്ങളിലൂടെ കൂടിയാണെന്ന് മെലോനി പുസ്തകത്തില്‍ അടിവരയിടുന്നു.




