ഏറ്റവും വൈകാരികമായ നിമിഷങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, ലൈംഗിക ബന്ധത്തിനിടയിൽ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ കൂടുതൽ തീവ്രമാക്കാൻ പലരും പാട്ടുകൾ വെക്കാറുണ്ട്. ഈ വിഷയത്തിൽ നടത്തിയ ഒരു പഠനത്തിൽ പ്രശസ്ത ആർ ആൻഡ് ബി ഗായകൻ ‘ദി വീക്കെൻഡ്’ പുതിയൊരു റെക്കോർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.
വിവിധ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനങ്ങൾ പ്രകാരം, ആളുകൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ കേൾക്കാൻ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ദി വീക്കെൻഡിന്റെ പാട്ടുകളാണ്. സ്‌പോട്ടിഫൈയിലെ ആയിരക്കണക്കിന് പ്ലേലിസ്റ്റുകൾ പരിശോധിച്ചും സർവേകളിലൂടെയുമാണ് ‘ബെഡ്ബൈബിൾ’, ‘സിപ്പ്ഹെൽത്ത്’ തുടങ്ങിയ ലൈംഗികാരോഗ്യ വെബ്‌സൈറ്റുകൾ ഈ കൗതുകകരമായ വിവരങ്ങൾ പുറത്തുവിട്ടത്.
‘ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ ‘ഏൺഡ് ഇറ്റ്’, കൂടാതെ ‘ഓഫൺ’, ‘ദി ഹിൽസ്’, ‘കാൾ ഔട്ട് മൈ നെയിം’ എന്നീ പാട്ടുകളാണ് ഈ ലിസ്റ്റുകളിൽ മുൻപന്തിയിലുള്ളത്. ഇവയ്‌ക്കൊപ്പം നിക്കി മിനാജിന്റെ ‘സൂപ്പർ ഫ്രീക്കി ഗേൾ’ എന്ന പാട്ടും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പഠനം പറയുന്നു.
ലൈംഗിക ബന്ധത്തിനിടെ പാട്ട് കേൾക്കുന്നത് തങ്ങളുടെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നാണ് 68 ശതമാനം ആളുകൾ വ്യക്തമാക്കിയത്. പാട്ട് കേൾക്കുമ്പോൾ സാധാരണയേക്കാൾ കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാറുണ്ടെന്ന് 63 ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നു. ഹിപ്പ് ഹോപ്പ് അല്ലെങ്കിൽ റാപ്പ് സംഗീതം കേൾക്കുന്നത് സമയം കൂട്ടാൻ സഹായിക്കുമ്പോൾ, ഇഡിഎം (ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്) സമയം കുറയ്ക്കുന്നതായാണ് കണ്ടെത്തൽ. കൂടാതെ, ലൈംഗിക ബന്ധത്തിനിടെ ഇഡിഎം കേൾക്കുന്ന മൂന്നിലൊരാൾ പൊതുവിടങ്ങളിൽ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരാണ് ഗായകൻ ‘ദി വീക്കെൻഡ്’ ? എന്താണ് ഈ പേരിന് പിന്നിൽ ?
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്തനായ കനേഡിയൻ ഗായകനും ഗാനരചയിതാവുമാണ് ‘ദി വീക്കെൻഡ്’ (The Weeknd). ആബേൽ മക്കോണൻ ടെസ്ഫായെ (Abel Makkonen Tesfaye) എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ആർ ആൻഡ് ബി (R&B), പോപ്പ്, ഇലക്ട്രോണിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുള്ള വേറിട്ട സംഗീതശൈലിയാണ് ഇദ്ദേഹത്തിന്റേത്.
1990 ഫെബ്രുവരി 16-ന് കാനഡയിലെ ടൊറന്റോയിലാണ് ഇദ്ദേഹം ജനിച്ചത്. എത്യോപ്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. പതിനേഴാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയ ഒരു ‘വീക്കെൻഡി’ന്റെ (വാരാന്ത്യം) ഓർമ്മയിലാണ് ഇദ്ദേഹം ഈ പേര് സ്വീകരിച്ചത്. മറ്റൊരു ബാന്റുമായുള്ള പകർപ്പവകാശ പ്രശ്നം ഒഴിവാക്കാനാണ് ‘Weekend’ എന്നതിലെ ‘e’ ഒഴിവാക്കി ‘The Weeknd’ എന്നാക്കുകയും ചെയ്തു.
2010-ൽ യൂട്യൂബിൽ അജ്ഞാതനായി പാട്ടുകൾ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് തുടക്കം. പിന്നീട് പുറത്തിറങ്ങിയ ‘ഹൗസ് ഓഫ് ബലൂൺസ്’ തുടങ്ങിയ മിക്സ്‌ടേപ്പുകളിലൂടെ ശ്രദ്ധേയനായി. ലോകമെമ്പാടും തരംഗമായ ‘ബ്ലൈൻഡിംഗ് ലൈറ്റ്സ്’ (Blinding Lights), ‘സ്റ്റാർബോയ്’ (Starboy), ‘ദി ഹിൽസ്’, ‘ഏൺഡ് ഇറ്റ്’, ‘കാൻറ് ഫീൽ മൈ ഫേസ്’ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വൻ ഹിറ്റുകളാണ്. ഇതിൽ ‘ബ്ലൈൻഡിംഗ് ലൈറ്റ്സ്’ സ്‌പോട്ടിഫൈയിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ട്രീം ചെയ്ത പാട്ടുകളിൽ ഒന്നാണ്.
ഗ്രാമി അവാർഡുകൾ (Grammy Awards), ബിൽബോർഡ് മ്യൂസിക് അവാർഡുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രണയം, വിരഹം, നിഗൂഢത നിറഞ്ഞ ജീവിതാനുഭവങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള ഇദ്ദേഹത്തിന്റെ പാട്ടുകൾക്കും തനതായ ആലാപന ശൈലിക്കും ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്.




