Featured Good News

കണ്ടംചെയ്യാനുള്ള ബസുകള്‍ ഇനി ക്ലാസ് മുറികള്‍ ! സ്കൂൾ ഇനി വണ്ടി കയറി വരും! ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി തരംഗമാകുന്നു

ഗുജറാത്ത് സർക്കാർ തങ്ങളുടെ 28 പഴയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്. ‘രണ്‍ശാല’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് സുരേന്ദ്രനഗർ, പതൻ, കച്ച്, മോർബി എന്നീ ജില്ലകളിലെ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന മരുഭൂമി പ്രദേശങ്ങളിൽ ജീവിക്കുന്ന അഗരിയ സമുദായത്തിലെ കുട്ടികളെയാണ്.

ജോലി ആവശ്യങ്ങൾക്കായി മാതാപിതാക്കൾ ഇടയ്ക്കിടെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറുന്നത് കാരണം ഈ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് തടയാനാണ് ഈ പദ്ധതി. സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവിയാണ് ഗാന്ധിനഗറിൽ വെച്ച് ഈ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഉപയോഗശൂന്യമായി കിടന്നിരുന്ന ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണിത്.

ഈ സഞ്ചരിക്കുന്ന ക്ലാസ് മുറികൾ ഗാന്ധിനഗറിൽ നിന്നും ആരംഭിച്ച് നാല് ജില്ലകളിലെയും ഉൾപ്രദേശങ്ങളിലുള്ള അഗരിയ ജനവാസ മേഖലകളിലേക്ക് യാത്ര ചെയ്യും. ഓരോ ബസിലും ഒരേസമയം ഇരുപതിലധികം കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡിഷ് ടിവി സൗകര്യവും 43 ഇഞ്ച് സ്മാർട്ട് ടെലിവിഷനും ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി ഗുജറാത്ത് സർക്കാരിന്റെ ഓൺലൈൻ ക്ലാസുകളും കുട്ടികൾക്ക് ലഭ്യമാകും.



മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ ആവശ്യമായ ഫാനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, എഫ്.എം റേഡിയോ, ഡിജിറ്റൽ ക്ലോക്കുകൾ, പഠന സാമഗ്രികൾ എന്നിവയും ഇതിലുണ്ട്. കൂടാതെ, ബസിന് പുറത്ത് തണൽ വിരിക്കാനുള്ള വലകൾ, മടക്കിവെക്കാവുന്ന പഠന മേശകൾ, ബ്ലാക്ക് ബോർഡുകൾ, വൈറ്റ് ബോർഡുകൾ, ശുദ്ധമായ കുടിവെള്ള സംവിധാനം, വാഷ് ബേസിൻ, അധ്യാപകർക്കുള്ള പ്രത്യേക കാബിൻ, ലൈബ്രറി എന്നിവയും ഇതിലൊരുക്കിയിരിക്കുന്നു.

പഠനത്തോടൊപ്പം കുട്ടികളുടെ വിനോദത്തിനായി ലുഡോ, പാമ്പും ഗോവണിയും പോലുള്ള കളികളും, ഊഞ്ഞാൽ, സ്ലൈഡ്, ബാസ്കറ്റ്ബോൾ ഉപകരണങ്ങളും ബസിലുണ്ട്. കുട്ടികളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഉയരം അളക്കുന്ന സംവിധാനം, ബി.എം.ഐ ചാർട്ട് എന്നിവയും സുരക്ഷയ്ക്കായി ഫയർ എക്സ്റ്റിംഗുഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, എമർജൻസി എക്സിറ്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പും ജി.എസ്.ആർ.ടി.സിയും സംയുക്തമായാണ് 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ 28 ബസുകളിൽ 20 എണ്ണം സുരേന്ദ്രനഗറിലും, നാലെണ്ണം പതനിലും, രണ്ടെണ്ണം വീതം കച്ചിലും മോർബിയിലുമാണ് സർവീസ് നടത്തുക. ഉൾപ്രദേശങ്ങളിലെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഇത്തരത്തിൽ മാറ്റിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *