Featured Fitness

കഠിനമായ ജിം വർക്കൗട്ടുകൾ വിട്ട് യോഗയിലേക്ക് തിരിയുന്ന ‘ജെൻ സി’ തലമുറ! എന്തുകൊണ്ട് യോഗ തിരഞ്ഞെടുക്കുന്നു?

ജൂൺ 21-ന് ലോകമെമ്പാടുമുള്ള ആളുകൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന ‘ജെൻ സി’ (Gen Z) തലമുറയ്ക്കിടയിൽ യോഗയ്ക്ക് ലഭിക്കുന്ന വൻ ജനപ്രീതി കിട്ടുന്നത് എന്തുകൊണ്ടാണ്? ഇന്ന് വലിയൊരു വിഭാഗം ആളുകൾ ജിമ്മിലേക്ക് പോകുന്നതിന് പകരം യോഗ മാറ്റുകളിൽ വളരെ എളുപ്പത്തിൽ ആസനങ്ങൾ ചെയ്യുന്നത് കാണാം. യോഗ ശരീരത്തിന് വഴക്കവും ഏകാഗ്രതയും നൽകുകയും മനസ്സും ശരീരവും ഒരുപോലെ ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ പ്രധാന തെരഞ്ഞെടുപ്പായി യോഗ മാറിയിട്ടുണ്ടെങ്കിലും, അതിനർത്ഥം ജിമ്മുകളുടെ പ്രാധാന്യം കുറയുന്നു എന്നാണോ? എന്തുകൊണ്ടാണ് ജെൻ സി തലമുറ ഇപ്പോൾ യോഗയെ ഇത്രയധികം പിന്തുണയ്ക്കുന്നതെന്ന് നമുക്ക് നോക്കാം.

വർഷങ്ങൾക്കപ്പുറം ഫിറ്റ്നസ് എന്ന വാക്കിന്റെ അർത്ഥം പൂർണ്ണമായും മാറിയിരിക്കുന്നു. ഫിറ്റ്നസ് എന്നാൽ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ഭാരം ഉയർത്തുന്നതോ, പേശികൾ വളർത്തുന്നതോ, ശാരീരിക ക്ഷമത കൂട്ടുന്നതോ മാത്രമല്ല. പകരം, മാനസികാരോഗ്യം, വൈകാരികമായ സന്തുലിതാവസ്ഥ, നല്ല ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കൽ എന്നിവയെല്ലാം ഇന്ന് ഫിറ്റ്നസിന്റെ ഭാഗമായി പുതിയ തലമുറ കാണുന്നു. ഈ ഒരു വലിയ മാറ്റമാണ് അവരെ യോഗയിലേക്ക് ആകർഷിക്കുന്നത്. തിരക്കുപിടിച്ച ഈ ലോകത്ത് ശാന്തത നിലനിർത്താനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സമാധാനം കണ്ടെത്താനും യോഗ അവരെ സഹായിക്കുന്നു.

യോഗയ്ക്കും ജിം വ്യായാമങ്ങൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അവ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോരുത്തരുടെയും ആരോഗ്യ ലക്ഷ്യങ്ങൾ വ്യത്യസ്തമായതുകൊണ്ട് തന്നെ ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങൾക്കായാണ് ചെയ്യുന്നത്. ശരീരത്തിന്റെ വഴക്കം, സന്തുലിതാവസ്ഥ, ശാരീരിക ഭാവം, സന്ധികളുടെ ചലനശേഷി, കോർ സ്ട്രെങ്ത് എന്നിവ വർദ്ധിപ്പിക്കാൻ യോഗ സഹായിക്കുന്നു.

കൂടാതെ ഇത് ശരീരത്തിന് അധികം ആയാസം നൽകാത്ത ഒന്നായതുകൊണ്ട് എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്. എന്നാൽ ജിം വ്യായാമങ്ങൾ പേശികളുടെ ബലം കൂട്ടാനും, ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും, അസ്ഥികളുടെ സാന്ദ്രത കൂട്ടാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. യോഗയോ ജിമ്മോ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ഒരാളുടെ ആരോഗ്യ ലക്ഷ്യങ്ങളെയും ശാരീരിക ക്ഷമതയെയും താല്പര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശാന്തമായ യോഗാഭ്യാസങ്ങൾ, പ്രഭാത യോഗാ സെഷനുകൾ, വെൽനസ് ക്യാമ്പുകൾ, ആരോഗ്യകരമായ ജീവിതരീതികൾ എന്നിവ പുതിയ തലമുറയെ ഏറെ ആകർഷിക്കുന്നുണ്ട്. ഇതിനുപുറമേ, പല പ്രമുഖ വ്യക്തികളും സോഷ്യൽ മീഡിയയിലൂടെ യോഗയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ തിരഞ്ഞെടുക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു.

വളരെ കുറഞ്ഞ സൌകര്യങ്ങൾ മാത്രമാണ് യോഗയ്ക്ക് ആവശ്യമെന്നതും ഇതിന്റെ ചിലവ് കുറവുമാണ് മറ്റൊരു കാരണം. യോഗ മാറ്റ് മാത്രമുണ്ടെങ്കിൽ വീട്, സ്റ്റുഡിയോ, പാർക്ക്, അല്ലെങ്കിൽ യാത്രയ്ക്കിടയിൽ പോലും എവിടെയും ഇത് ചെയ്യാം. എന്നാൽ ജിം അംഗത്വ ഫീസ്, അങ്ങോട്ടേക്കുള്ള യാത്രാസമയം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ പലപ്പോഴും തിരക്കുപിടിച്ച ജീവിതം നയിക്കുന്ന യുവാക്കൾക്ക് ഒരു തടസ്സമാകാറുണ്ട്. കൂടാതെ ജിമ്മുകളിലെ അമിതമായ തിരക്കും പലരെയും യോഗയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.

എന്നാൽ ഇതിനർത്ഥം ജിമ്മുകളുടെ പ്രസക്തി നഷ്ടപ്പെടുന്നു എന്നല്ല. പേശികൾ വളർത്താനും, കായികക്ഷമത കൂട്ടാനും, പ്രത്യേക ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാനും ആഗ്രഹിക്കുന്നവർ ഇപ്പോഴും ദിവസവും ജിമ്മിൽ പോകുന്നുണ്ട്. വ്യായാമത്തിലെ വിരസത ഒഴിവാക്കാൻ യോഗയും ജിമ്മും ഒന്നിച്ച് കൊണ്ടുപോകുന്നത് നല്ലൊരു ആശയമാണ്. യോഗ ശരീരത്തിന് വഴക്കവും മാനസിക ഏകാഗ്രതയും നൽകുമ്പോൾ, ജിം വ്യായാമങ്ങൾ ശരീരത്തിന് കരുത്ത് നൽകുന്നു.

ആരോഗ്യസംരക്ഷണത്തിൽ യോഗയുടെയും ജിമ്മിന്റെയും പ്രാധാന്യത്തെക്കുറിച്ച് മുംബൈയിലെ സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധനായ ഡോ. നിമിത് നഗ്ദ പറയുന്നത് ഇങ്ങനെയാണ്: “ദീർഘകാല ആരോഗ്യത്തിന് യോഗയാണോ ജിമ്മാണോ തിരഞ്ഞെടുക്കുന്നത് എന്നതിനേക്കാൾ പ്രധാനം അത് മുടങ്ങാതെ ചെയ്യുക എന്നതാണ്. ആഴ്ചയിൽ കുറഞ്ഞത് 6 ദിവസമെങ്കിലും ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുക. ഇനി ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് 3 ദിവസം യോഗയും 3 ദിവസം ജിമ്മും ചെയ്യാം. ശരീരത്തിന് വിശ്രമവും ഊർജ്ജവും വീണ്ടെടുക്കാൻ 1 ദിവസം പൂർണ്ണമായും വിശ്രമിക്കുക. ഒന്നിന് പകരം മറ്റൊന്ന് എന്ന രീതിക്ക് പകരം ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകുന്നതാണ് ആരോഗ്യത്തോടെയിരിക്കാൻ ഏറ്റവും നല്ല വഴി.”

പഠന സമ്മർദ്ദവും കരിയറിനെക്കുറിച്ചുള്ള ആശങ്കകളും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവുമുള്ള ഒരു ഡിജിറ്റൽ ലോകത്താണ് പുതിയ തലമുറ വളരുന്നത്. ഇത് പലപ്പോഴും അവരുടെ സമാധാനം നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനുള്ള വഴികളാണ് പലരും തിരയുന്നത്. ശാരീരിക ചലനങ്ങളോടൊപ്പം ശ്വസന വ്യായാമങ്ങളും ധ്യാനവും അടങ്ങിയ യോഗ, വൈകാരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മനസ്സും ശരീരവും തമ്മിൽ നല്ലൊരു ബന്ധം ഉണ്ടാക്കുകയും പൂർണ്ണമായ ആരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *