Featured Sports

കാലത്തെ പിന്നോട്ട് ഒഴുക്കി ! 1950-കളിലെ ക്യാമറയിൽ 2026-ലെ ഫുട്ബോൾ പൂരം പകർത്തി ഫോട്ടോഗ്രാഫർ!

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി 2026 ഫിഫ ലോകകപ്പ് ആവേശകരമായി മുന്നേറുകയാണ്. ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ ഈ വലിയ കായികമാമാങ്കം ആഘോഷമാക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഗ്രാഫറുടെ വീഡിയോ വൈറലാവുകയാണ്. ആധുനിക ക്യാമറകൾക്ക് പകരം 1950-കളിലെ ഒരു വിന്റേജ് ക്യാമറ ഉപയോഗിച്ച് ഇദ്ദേഹം പകർത്തിയ ലോകകപ്പ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ‘പബിറ്റി’ (Pubity) എന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിയത്.

മറ്റ് ഫോട്ടോഗ്രാഫർമാർ അത്യാധുനിക സോണി, കാനൻ ക്യാമറകൾ ഉപയോഗിച്ച് ഒരു മത്സരത്തിൽ ആയിരക്കണക്കിന് ചിത്രങ്ങൾ പകർത്തുമ്പോൾ, മൈൽസ് മയേഴ്സ്കോഫ്-ഹാരിസ് എന്ന ഈ ഫോട്ടോഗ്രാഫർ 1950-കളിലെ ‘ബ്രോണിക്ക’ ഫിലിം ക്യാമറയാണ് ഉപയോഗിക്കുന്നത്. സാധാരണ ഡിജിറ്റൽ ക്യാമറകൾ 90 മിനിറ്റ് നീളുന്ന കളിയിൽ മൂവായിരത്തിലധികം ചിത്രങ്ങൾ എടുക്കുമ്പോൾ, ഈ വിന്റേജ് ക്യാമറയിലെ ഒരു ഫിലിം റോൾ ഉപയോഗിച്ച് 12 മുതൽ 16 ചിത്രങ്ങൾ മാത്രമേ എടുക്കാൻ സാധിക്കൂ. എന്നാൽ ഇതിൽ നിന്നും ലഭിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ വളരെ മനോഹരവും പഴയകാല ഓർമ്മകളെ ഉണർത്തുന്നതുമാണ്.

തന്റെ ഇൻസ്റ്റാഗ്രാം പേജായ ‘എക്സ്പയേർഡ് ഫിലിം ക്ലബ്ബിലൂടെയാണ്’ മൈൽസ് ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന് ചുറ്റും അദ്ദേഹം ഈ പഴയ ക്യാമറ സ്ഥാപിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. നിറങ്ങളില്ലെങ്കിലും പഴയകാല സൗന്ദര്യം തുളുമ്പുന്ന ഈ ചിത്രങ്ങൾ ആരാധകരെ ഏറെ ആകർഷിച്ചു. ഇതിനകം തന്നെ ഒരു കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു സമയയാത്ര (ടൈം ട്രാവൽ) പോലെ അനുഭവപ്പെടുന്നു എന്നാണ് പലരും ഈ ചിത്രങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.