തൃശൂർ സ്വരാജ് റൗണ്ടിന് 350 മീറ്റർ മാത്രം അകലെയുള്ള കോരപ്പത്ത് ലെയിനിലെ ഒരു ഇരുനില വാടകവീട്ടിലായിരുന്നു ആ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ഫ്ലാറ്റുകളുള്ളതുമായ ഈ പ്രദേശത്തെ അയൽവാസികൾക്ക് ആർക്കും തന്നെ ഇതൊരു അനാശാസ്യ കേന്ദ്രമാണെന്ന ധാരണയുണ്ടായിരുന്നില്ല. ഒഡീഷ, അസം സ്വദേശികളായ മൂന്ന് അതിഥി തൊഴിലാളികളായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. ഇവർക്കൊപ്പം നാല് യുവതികളും ഇവിടെ താമസിച്ചിരുന്നു.
അതിഥി തൊഴിലാളികൾ മാത്രമായിരുന്നു ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്. വീടിന്റെ പിൻവാതിൽ വഴിയായിരുന്നു ഇവരുടെ പ്രവേശനം. ഇടയ്ക്കിടെ ഇവിടെനിന്ന് വഴക്കും ബഹളവും അടിപിടിയും ഒക്കെ കേൾക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തു മണിയോടെ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിയത്. യുവതികൾക്കൊപ്പം സമയം ചിലവഴിച്ചശേഷം. പണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും അത് വലിയ അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
തർക്കത്തിനൊടുവിൽ കേന്ദ്രം നടത്തിയിരുന്ന മൂന്ന് യുവാക്കൾ ചേർന്ന് ഇവരെ ക്രൂരമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക് ബോധരഹിതനായി വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. സംഭവത്തെത്തുടർന്ന് നാല് യുവതികളെയും രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം,
ഒഡീഷ സ്വദേശികളായ പ്രതികൾ നടത്തിയിരുന്ന ഈ കേന്ദ്രത്തിൽ മലയാളികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ ഏഴുമാസമായി പ്രവർത്തിച്ചിട്ടും പൊലീസിന് ഇതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒഡീഷ സ്വദേശിയായ ബിച്ചു നായിക്കാണു തൃശൂര്‍ നഗരത്തില്‍ ഇരുനില വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.




