ശ്വേതാ മേനോനെതിരെയും ‘അമ്മ’യുടെ മുൻ കമ്മിറ്റിക്കെതിരെയും രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് . സ്ത്രീകൾക്ക് ഉപദ്രവകരമായ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റിയായിരുന്നു ഇതെന്നും, കൃത്യമായ വാർഷിക റിപ്പോർട്ട് പോലും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡി യോഗത്തിൽ അൻസിബ തന്റെ പ്രശ്നങ്ങൾ കണ്ണീരോടെ വിവരിച്ചപ്പോൾ അത് കേൾക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരു പ്രസിഡന്റിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്നും, കുറ്റാരോപിതരായി ആരുമില്ലെന്ന ശ്വേതയുടെ വാദം തെറ്റാണെന്നും ബാബുരാജ് തുറന്നടിച്ചു.
ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ‘അമ്മ’യുടെ ജനറൽ ബോഡി വിളിക്കണമെങ്കിൽ 21 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നത് അടിസ്ഥാന നിയമമാണ്, എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. അവതരിപ്പിച്ച കണക്കുകൾ അവിശ്വസനീയമായിരുന്നു, അംഗങ്ങൾ കൈ ഉയർത്താത്തതിനാൽ റിപ്പോർട്ട് പാസായില്ല. ഇത്രയും കാലം ‘ലേഡീസ് കാർഡ്’ ഇറക്കി കളിക്കുകയായിരുന്നുവെന്നും, ഇപ്പോൾ കമ്മിറ്റി സ്വയം രാജിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ ഉത്തരവാദിത്തം ഒഴിയുകയും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും പിന്മാറുകയും ചെയ്തു. അകാരണമായി അവധി നീട്ടി ചോദിക്കുന്ന ഈ ഭരണസമിതിക്ക് എങ്ങനെ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും അദ്ദേഹം ചോദിച്ചു.
താൻ ഭാഗമായിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ കണക്കുകൾ കൃത്യമായി നൽകിയിരുന്നതാണെന്നും, എന്നാൽ അന്ന് കണക്ക് നോക്കിയിരുന്നയാൾക്ക് ശമ്പളം നൽകാത്തതുകൊണ്ടാണ് തടസ്സമുണ്ടായതെന്നും ബാബുരാജ് വിശദീകരിച്ചു. അൻസിബയുടെ പരാതിയിൽ ശ്വേതയുടെ മറുപടി കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ വന്ന പുതിയ അഡ്ഹോക് കമ്മിറ്റി മികച്ചതാണെന്നും, തങ്ങളായിരുന്നുവെങ്കിൽ ടിനി ടോമും അൻസിബയും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉയരുന്ന സംശയങ്ങളും അദ്ദേഹം പങ്കുവെച്ചു. സംഘടന നന്നായി പോകണമെന്നും, സഹായം ലഭിക്കുന്നവരെ ബാധിക്കരുതെന്നും പറയുന്ന ബാബുരാജ്, തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി.




