Crime

പീഡിപ്പിച്ച അച്ഛന് പിന്നാലെ അമ്മയുടെ കൂട്ടുകാരിയും ജയിലിലേക്ക്; പതിനാറുകാരി നേരിട്ടത് കൊടും ക്രൂരത, അമ്മ ലഹരിക്കേസ് പ്രതി

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ സ്നേഹ മെർലിൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ, കഴിഞ്ഞ ഒരു വർഷത്തോളമായി ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ലഹരി വിൽപ്പനക്കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും സ്നേഹയും തമ്മിൽ കണ്ണൂർ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്.

ഇതേ പതിനാറുകാരിയെ മുൻപ് പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛൻ നിലവിൽ പോക്സോ നിയമപ്രകാരം ജയിലിലാണ്. പീഡനവിവരങ്ങൾ പുറത്തറിഞ്ഞതോടെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് നടന്ന വിശദമായ കൗൺസിലിംഗിനിടയിലാണ് സ്നേഹ തനിക്ക് നേരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് സ്നേഹ മെർലിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതോടെ സ്നേഹയുടെ പേരിലുള്ള ആകെ പോക്സോ കേസുകളുടെ എണ്ണം നാലായി ഉയർന്നു. സംഭവം നടക്കുമ്പോൾ ഭയം കാരണം കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനു മുൻപും മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മൂന്ന് കേസുകളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഒരു പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2025 മാർച്ച് 14-നാണ് സ്നേഹ മെർലിൻ ആദ്യമായി അറസ്റ്റിലാകുന്നത്. അന്ന് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ അധ്യാപകർ കണ്ടെത്തുകയും, തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലൂടെ പീഡനവിവരം പുറത്തുവരുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *