Crime

6 വയസുകാരിയെ കാറിനുള്ളില്‍വച്ച് കൊന്നു; അതേ കാറില്‍വച്ച് കാമുകനൊപ്പം അമ്മയുടെ പിറന്നാളാഘോഷം

കർണാടകയിലെ കാടുകോടിയിൽ കാറിനുള്ളിൽ വച്ച് ആറുവയസ്സുകാരിയായ വെണ്ണല മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വയറ്റിൽ കൈമുട്ടുകൊണ്ട് കുത്തിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിടിയിലായ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മയ്ക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

തനിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ എഴുന്നേറ്റപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് അമ്മയും അഭിഭാഷകയുമായ പ്രിയങ്ക ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും, ക്രൂരമായ മർദനമേറ്റും ശ്വാസംമുട്ടിയുമാണ് കുഞ്ഞ് മരിച്ചതെന്നും വ്യക്തമായത്. ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലും കാടുകോടി പോലീസ് ആദ്യം തയ്യാറായില്ല. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കമ്മീഷണർ പിന്നീട് നടപടിയെടുത്തു.

കുഞ്ഞിന്റെ പിതാവും ദാവൻഗരെ സ്വദേശിയുമായ പ്രവീൺ ലോകായുക്തയെ സമീപിച്ച് പരാതി നൽകിയതിനെത്തുടർന്നാണ് ഈ മാസം ആറിന് പോലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രിയങ്കയുടെ ലിവിങ് ടുഗെദർ പങ്കാളിയായ ജി.എം. മോഹൻ പോലീസിന്റെ പിടിയിലാകുന്നത്. മധുരയിൽ നിന്നും മടങ്ങിയെത്തിയ ശേഷം താനും പ്രിയങ്കയും കുഞ്ഞും കൂടി പുറത്തുപോയെന്നും കുട്ടിയ്ക്ക് ഐസ്ക്രീം വാങ്ങി നൽകിയെന്നുമാണ് മോഹൻ പോലീസിനോട് പറഞ്ഞത്.

യാത്രയ്ക്കിടയിൽ കുഞ്ഞിന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ ഐസ്ക്രീം കാറിന്റെ സീറ്റിലേക്ക് വീണു. ഇതിൽ ദേഷ്യം മൂത്ത മോഹൻ കുഞ്ഞിന്റെ വയറ്റിൽ കൈമുട്ടുകൊണ്ട് ശക്തമായി കുത്തുകയായിരുന്നു. കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചപ്പോൾ ബഹളം പുറത്തുകേൾക്കാതിരിക്കാൻ വായയും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് കാറിനുള്ളിൽ വച്ച് മരണപ്പെടുന്നത്.

ഈ സമയം കടയിൽ പോയിരുന്ന പ്രിയങ്ക മടങ്ങിയെത്തിയപ്പോൾ മോഹൻ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകവിവരം പുറംലോകം അറിയാതെ മറച്ചുവെക്കാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കാറിന്റെ പിൻസീറ്റിൽ കിടത്തിക്കൊണ്ട് തന്നെ, ഇരുവരും ചേർന്ന് പ്രിയങ്കയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചതായും റിപ്പോർട്ടുകളുണ്ട്. കോളേജ് പഠനകാലം മുതൽക്കേ പ്രിയങ്കയും മോഹനും തമ്മിൽ പ്രണയത്തിലായിരുന്നു.

വിവാഹശേഷവും ഇവർ ബന്ധം തുടർന്നതോടെയാണ് പ്രിയങ്ക ഭർത്താവ് പ്രവീണുമായി അകലുന്നത്. തുടർന്ന് ഈസ്റ്റ് ബംഗളൂരുവിലെ ഒരു ലക്ഷ്വറി വില്ലയിൽ ഇരുവരും ഇളയ മകളായ വെണ്ണലയ്ക്കൊപ്പം ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. പ്രിയങ്കയുടെ മൂത്തമകൾ ഭർത്താവ് പ്രവീണിനൊപ്പമാണ് താമസം. നേരത്തെ വിവാഹിതനായ പ്രതി മോഹൻ, തന്റെ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പ്രിയങ്കയോടൊപ്പം താമസമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *