മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കോമഡി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജനപ്രിയ കൂട്ടുകെട്ടായിരുന്നു നടൻ ജയറാമും സംവിധായകൻ രാജസേനനും. ‘മേലേപറമ്പിൽ ആൺവീട്’, ‘സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്’, ‘അനിയൻ ബാവ ചേട്ടൻ ബാവ’, ‘കടിഞ്ഞൂൽ കല്യാണം’ തുടങ്ങി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ പിറന്നു. എന്നാൽ പിന്നീട് ഈ വിജയകൂട്ടുകെട്ട് സിനിമയിൽ നിന്ന് പെട്ടെന്ന് അകന്നിരുന്നു. വർഷങ്ങൾക്ക് ശേഷമുണ്ടായ ആ അകൽച്ചയുടെ യഥാർത്ഥ കാരണത്തെ പറ്റി ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ രാജസേനൻ.
സിനിമയുടെ കഥകളിൽ ജയറാം അനാവശ്യമായി ഇടപെടാൻ തുടങ്ങിയപ്പോഴാണ് തങ്ങൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടായതും അകന്നതുമെന്ന് രാജസേനൻ വെളിപ്പെടുത്തി. തങ്ങൾ തമ്മിൽ ചെറിയൊരു അകൽച്ചയിലാണെന്ന് മനസ്സിലാക്കി മറ്റ് ചിലർ ഇതിനിടയിൽ കരുതിക്കൂട്ടി ഇടപെടലുകൾ നടത്തിയെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ പുതിയ അഭിമുഖത്തിൽ രാജസേനൻ തുറന്നടിച്ചു.
യഥാർത്ഥത്തിൽ ജയറാമിന് ഒരു സിനിമയുടെ കഥയിൽ ഇടപെടാൻ അറിയില്ലെന്നാണ് രാജസേനൻ പറയുന്നത്. ദിലീപ് സിനിമകളുടെ കഥയിലും മറ്റ് പല കാര്യങ്ങളിലും സജീവമായി ഇടപെടാറുണ്ട്, കാരണം ദിലീപിന് അങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി അറിയാം. തങ്ങളുടെ സിനിമകളുടെ കാര്യത്തിൽ ഒരു ചിത്രം കഴിഞ്ഞ് അടുത്ത സിനിമ വരുമ്പോൾ കേവലം നാലോ അഞ്ചോ വാചകങ്ങൾ മാത്രമാണ് ഫോണിലൂടെ ഞാൻ ജയറാമിനോട് പറഞ്ഞുകൊടുക്കാറുണ്ടായിരുന്നത്. പിന്നീട് ജയറാം ആ പൂർണ്ണമായ സ്ക്രിപ്റ്റ് നേരിട്ട് കാണുന്നത് സിനിമയുടെ ലൊക്കേഷനിൽ എത്തുമ്പോൾ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘മധുചന്ദ്രലേഖ’, ‘കനകസിംഹാസനം’ എന്നീ സിനിമകൾക്ക് ശേഷം അടുത്തതായി ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ വന്നപ്പോഴാണ് തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ആരംഭിച്ചത്. അന്ന് ഞങ്ങൾ ഫോണിലൂടെയാണ് സംസാരിച്ചത്. മുൻപ് നമ്മൾ ഇങ്ങനെയല്ലല്ലോ സിനിമകൾ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാൻ ജയറാമിനോട് ചോദിച്ചു. എന്നാൽ, ഇനിമുതൽ അങ്ങനെയൊക്കെ പോരാതെ വരുമോ എന്നായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. എങ്കിൽ പിന്നെ ഈ സിനിമയ്ക്ക് ഞാനില്ല, നമുക്ക് പിന്നീട് കാണാം എന്ന് ഞാൻ മറുപടി പറഞ്ഞു. അത് വലിയൊരു വഴക്കായിട്ടല്ല, വളരെ സ്നേഹത്തോടെ തന്നെയാണ് പറഞ്ഞത്. സിനിമയിൽ ശക്തമായ ഒരു കൂട്ടുകെട്ട് ചെറുതായിട്ടൊന്ന് അകന്നു എന്ന് കണ്ടാൽ, പിന്നീട് അതിനെ പൂർണ്ണമായി വലിച്ചുമാറ്റിക്കൊണ്ടുപോകാൻ സിനിമാലോകത്ത് ഒരുപാട് ആളുകളുണ്ടാവും. അങ്ങനെ കുറച്ചുപേർ ഞങ്ങളെ തമ്മിൽ കൂടുതൽ അകറ്റിക്കൊണ്ടുപോയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ലെങ്കിലും ഞാൻ കൃത്യമായി അറിഞ്ഞിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.
താൻ ജയറാമിന്റെ മക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതിനെ പറ്റിയും രാജസേനൻ അഭിമുഖത്തിൽ വ്യക്തമായ മറുപടി നൽകി. കല്യാണത്തിന് നമ്മളെ വിളിച്ചാലല്ലേ പോകാൻ പറ്റൂ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മുൻപ് തന്റെ മകളുടെ കല്യാണം നടന്നപ്പോൾ വരാത്ത ഒരാളെ ഞാൻ പിന്നീട് എങ്ങനെയാണ് വിളിക്കുക? എന്റെ മകളുടെ കല്യാണമാണ് ആദ്യം നടന്നത്, അതിന് അദ്ദേഹം വന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ബുദ്ധിയുള്ള ആളായതുകൊണ്ട് എന്നെ അദ്ദേഹത്തിന്റെ മക്കളുടെ കല്യാണത്തിന് വിളിച്ചതുമില്ല. ഒരുപക്ഷേ വിളിച്ചാലും ഞാൻ വരില്ല എന്ന് മുൻകൂട്ടി വിചാരിച്ചിട്ടാവാം അത്. രണ്ടു മക്കളുടെ കല്യാണത്തിനും എന്നെ ക്ഷണിച്ചിട്ടില്ല. ഇനി തങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന ഒരു പുതിയ ചിത്രത്തിനായി താൻ ഒരിക്കലും മുൻകൈ എടുക്കില്ലെന്നും രാജസേനൻ അഭിമുഖത്തിൽ കൃത്യമായി വ്യക്തമാക്കി.




