ഡൽഹിയിലെയോ ലണ്ടനിലെയോ ന്യൂയോർക്കിലെയോ ഏതെങ്കിലും ബാറിൽ ഇരുന്ന് നിങ്ങൾ ‘ജിൻ ആൻഡ് ടോണിക്’ ഓർഡർ ചെയ്താൽ, അവിടെയുള്ള ആരെങ്കിലും ഇത് ‘സ്ത്രീകളുടെ പാനീയമാണ്’ (ladies’ drink) എന്ന് അടക്കം പറയുന്നത് കേൾക്കാം. എന്നാൽ ഈയൊരു ചിന്ത എവിടെ നിന്നാണ് ഉണ്ടായത്? ഇതിന്റെ ഉത്തരം അറിയണമെങ്കിൽ ഡച്ച് വൈദ്യശാസ്ത്രം, ലണ്ടനിലെ ചേരികൾ, യുദ്ധകാലത്തെ പരസ്യങ്ങൾ എന്നിവയിലൂടെയൊക്കെയുള്ള 300 വർഷത്തെ ചരിത്രത്തിലേക്ക് നമ്മൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരും. ഒരു പാനീയത്തിന്റെ രുചി കൊണ്ടല്ല, മറിച്ച് മറ്റ് പല കാരണങ്ങൾ കൊണ്ടാണ് അത് ‘മാന്യമായ ഒന്നിൽ’ നിന്ന് ‘സ്ത്രീകളുടേതായും’ പിന്നീട് ‘ആഡംബര പാനീയമായും’ മാറിയത്.
യഥാർത്ഥത്തിൽ 1550-ൽ ഫ്രാൻസിസ്കസ് സിൽവിയസ് എന്ന ഡച്ച് ഡോക്ടർ പൂർണ്ണമായും ഔഷധ ആവശ്യങ്ങൾക്കായിട്ടാണ് ജിൻ കണ്ടുപിടിച്ചത്. വൃക്കരോഗങ്ങൾ, വാതം, വയറുവേദന എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് ഇതിൽ ചേർക്കുന്ന പ്രധാന ചേരുവയായ ജൂണിപ്പർ ബെറികൾ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും കഴിച്ചിരുന്ന ഒരു സാധാരണ മരുന്ന് മാത്രമായിരുന്നു ഇത്. എന്നാൽ പിന്നീട് 1689-ൽ ഇംഗ്ലണ്ട് ഫ്രാൻസുമായി രാഷ്ട്രീയമായി അകന്നതോടെ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ കഴിക്കുന്നത് അവിടുത്തെ ജനങ്ങൾ നിർത്തി. ഇതിന് പകരമായി വിലകുറഞ്ഞ പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് മദ്യം നിർമ്മിക്കാൻ അന്നത്തെ രാജാവ് വില്യം മൂന്നാമൻ പ്രോത്സാഹനം നൽകി. ഇതോടെ ലണ്ടനിലെ ബേക്കറികളേക്കാൾ കൂടുതൽ ജിൻ ഷാപ്പുകൾ ഉയർന്നു വന്നു. ഇത് വളരെ വിലകുറഞ്ഞതും എവിടെയും ലഭ്യമാകുന്നതുമായ ഒന്നായി മാറി.
പതിനെട്ടാം നൂറ്റാണ്ടിൽ ലണ്ടനിലെ പാവപ്പെട്ട ജനങ്ങൾക്കിടയിൽ ജിൻ ഉപയോഗം വളരെ അധികം കൂടി. അക്കാലത്ത് ജീവിക്കാൻ മറ്റ് വഴികളില്ലാതിരുന്ന പാവപ്പെട്ടവരും വിധവകളുമായ സ്ത്രീകളാണ് തങ്ങളുടെ വീടുകളിലും വിപണികളിലും ജിൻ വ്യാപകമായി വിറ്റിരുന്നത്. നിയമവിരുദ്ധമായി ജിൻ വിറ്റതിന് പിടിക്കപ്പെട്ട 641 സ്ത്രീകളിൽ 628 പേരും അവിവാഹിതരോ വിധവകളോ ആയിരുന്നു. എന്നാൽ അന്നത്തെ മാധ്യമങ്ങൾ ഈ സ്ത്രീകളെയും ജിൻ കഴിക്കുന്നവരെയും മോശക്കാരായും മക്കളെ നോക്കാത്ത അമ്മമാരായും ചിത്രീകരിച്ചു. അങ്ങനെയാണ് ജിൻ എന്ന പാനീയം സ്ത്രീകളുമായി ബന്ധിപ്പിക്കപ്പെടാൻ തുടങ്ങിയത്. ഇതിന് പിന്നിൽ രുചിയേക്കാൾ കൂടുതൽ അന്നത്തെ പുരുഷാധിപത്യ ചിന്താഗതികളും സ്ത്രീകളോടുള്ള വിവേചനവുമായിരുന്നു കാരണം. ‘മദേഴ്സ് റൂയിൻ’ (അമ്മമാരുടെ നാശം), ‘മദേഴ്സ് മിൽക്ക്’ എന്നിങ്ങനെ പല വിളിപ്പേരുകളും ജിന്നിന് ലഭിക്കാൻ ഇതാണ് കാരണം.
രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം, 1920-കളിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുകയും അവർ സ്വന്തം അവകാശങ്ങൾക്കായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തതോടെ ജിൻ കമ്പനികൾ സ്ത്രീകളെ ലക്ഷ്യമിട്ട് പരസ്യങ്ങൾ ചെയ്യാൻ തുടങ്ങി. വിസ്കി, ബ്രാണ്ടി എന്നിവയേക്കാൾ വീര്യം കുറഞ്ഞതും മൃദുവായതുമായ പാനീയമായി ജിന്നിനെ അവർ അവതരിപ്പിച്ചു. സ്ത്രീകൾക്ക് കടുപ്പമേറിയ മദ്യങ്ങൾ കഴിക്കാൻ കഴിയില്ലെന്ന തെറ്റായ ചിന്തയിൽ നിന്നാണ് ‘സ്ത്രീകളുടെ പാനീയം’ എന്ന പേര് ജിന്നിന് ഒരു പരസ്യ തന്ത്രമായി മാറിയത്.
എന്നാൽ പിന്നീട് കഥ മാറിമറിഞ്ഞു. 2017 ആയപ്പോഴേക്കും ബ്രിട്ടനിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ജിൻ വില്പന നടന്നു. ഇപ്പോഴത്തെ വലിയ ജിൻ കമ്പനികളുടെ മാസ്റ്റർ ഡിസ്റ്റിലർമാരിൽ (മദ്യം തയ്യാറാക്കുന്നവർ) ഭൂരിഭാഗവും പുരുഷന്മാരാണ്. പണ്ട് പാവപ്പെട്ട സ്ത്രീകൾ ഇത് ഉണ്ടാക്കിയിരുന്നപ്പോൾ ഇതൊരു മോശം സ്ത്രീ പാനീയമായിരുന്നു, എന്നാൽ ഇന്ന് ഇത് പുരുഷന്മാർ നിർമ്മിക്കുന്ന ഒരു ആഡംബര പാനീയമായി മാറി. ഇന്നും പല കമ്പനികളും സ്ത്രീകളെ ആകർഷിക്കാൻ തക്കവണ്ണം ആകർഷകമായ നിറങ്ങളിലും കുപ്പികളിലും ജിൻ വിപണിയിൽ ഇറക്കുന്നുണ്ട്. എന്നാൽ ജിൻ കഴിക്കുന്നവരിൽ വലിയൊരു പങ്ക് പുരുഷന്മാരുമുണ്ട്. സ്ത്രീകൾക്ക് ഇത് കൂടുതൽ ഇഷ്ടമായത് കൊണ്ടല്ല, മറിച്ച് സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള വിപണന തന്ത്രങ്ങൾ കാരണമാണ് ജിൻ ഇത്രയധികം ജനപ്രിയമായത് എന്ന് ഗവേഷകർ പറയുന്നു.
ചുരുക്കത്തിൽ, ഒരു പാനീയത്തെ ഏതെങ്കിലും ഒരു ലിംഗവുമായി മാത്രം ബന്ധിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ പോരായ്മയാണ്, പാനീയത്തിന്റെയല്ല. ജിൻ എന്നത് ഡ്രൈ, ഫ്ലോറൽ, സ്പൈസ്ഡ് എന്നിങ്ങനെ വ്യത്യസ്ത രുചികളിലുള്ളതും വളരെ സങ്കീർണ്ണമായ ചരിത്രമുള്ളതുമായ ഒരു പാനീയമാണ്. അത് ഒരേ സമയം മരുന്നായും, തെരുവ് മരുന്നായും, സാധാരണക്കാരന്റെ ആശ്വാസമായും, ആഡംബരമായുമെല്ലാം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ വരുന്ന ജൂൺ 13-ലെ ലോക ജിൻ ദിനത്തിൽ, അതിന്റെ ഈ വലിയ ചരിത്രത്തെ ഓർത്തുക്കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള പാനീയം ഓർഡർ ചെയ്ത് ആസ്വദിക്കൂ. കാരണം നിങ്ങളുടെ ഗ്ലാസിൽ ഉണ്ടാകേണ്ടത് കുറച്ച് നല്ല ചേരുവകളും സന്തോഷവും മാത്രമാണ്. ചിയേഴ്സ്!




