സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) തങ്ങളുടെ ആദ്യത്തെ തദ്ദേശീയ പ്രചാരണ പരിപാടിയായ ‘#ലൈഫ് ഓഫ് എ കോക്രോച്ച്’ (LifeOfACockroach) വെള്ളിയാഴ്ച (മേയ് 29) ആരംഭിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭരണകൂടങ്ങളെയും രാഷ്ട്രീയത്തെയും പരിഹസിക്കുന്ന ഈ കൂട്ടായ്മ, റോഡിലെ കുഴികൾ, കേടായ തെരുവ് വിളക്കുകൾ, കുന്നുകൂടുന്ന മാലിന്യങ്ങൾ, ജനങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതുപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി തങ്ങൾക്ക് അയച്ചുതരാനും അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യാനും പാർട്ടി ജനങ്ങളോട് ആവശ്യപ്പെടുന്നു. ഈ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രശ്നപരിഹാരത്തിനായി അധികാരികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്നും പാർട്ടി വ്യക്തമാക്കി. തങ്ങൾ എപ്പോഴും അധികാരികളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ് ഈ പ്രചാരണമെന്നും അവർ പറഞ്ഞു. വേറിട്ട ഈ ശൈലിക്ക് ഓൺലൈനിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അതിനിടെ, ലക്ഷക്കണക്കിന് ആളുകൾ അംഗങ്ങളായ പാർട്ടിയുടെ വെബ്സൈറ്റ് സർക്കാർ നീക്കം ചെയ്തതായും ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായും അഭിജീത് ദിപ്കെ ആരോപിച്ചു. നിലവിൽ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടിലൂടെയാണ് പാർട്ടി എക്സിൽ പ്രവർത്തിക്കുന്നത്.
കോടതി വിചാരണയ്ക്കിടെ തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധമെന്നോണം ഈ കൂട്ടായ്മ രൂപംകൊണ്ടത്. എന്നാൽ ഇതേക്കുറിച്ച് കോടതിയിൽ ഹർജി വന്നപ്പോൾ ഈ പരാമർശത്തെ വൈകാരികമായി എടുക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് പ്രതികരിച്ചത്.




