അറവുശാലയില്‍നിന്ന് ഓടിപ്പോയ കാള ഇരച്ചുകയറിയത് സമീപത്തെ ബാർബർ ഷോപ്പിലേക്ക്. ഇസ്താംബൂളിലെ സുൽത്താൻബെയ്‌ലി ജില്ലയിൽ നടന്ന സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഭയന്നോടിയ മൃഗം കടയുടെ കണ്ണാടിച്ചില്ലുകൾ തകർത്ത് അകത്തേക്ക് കയറിയതോടെ ജീവനക്കാരും ഉപഭോക്താക്കളും ജീവനും കൊണ്ട് ഓടുകയായിരുന്നു. കടയിൽ നിരവധി ആളുകൾ മുടിവെട്ടിക്കൊണ്ടിരുന്ന തിരക്കേറിയ സമയത്താണ് കാള പെട്ടെന്ന് അകത്തേക്ക് ഇരച്ചുകയറിയത്.
കുട്ടികളടക്കമുള്ള ഉപഭോക്താക്കൾ വലിയൊരു അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കടയുടമയായ റെഷിത് കോനി ആ ഭയപ്പെടുത്തുന്ന നിമിഷത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. കാള ഓടിവന്ന സമയത്ത് കടയിൽ ആളുകളും ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടി പേടിക്കാതിരിക്കാൻ താൻ അവനെ ചേർത്തുപിടിച്ചു സംരക്ഷിച്ചു.
ചില്ലുകൾ തകർന്നുവീണതിനെ തുടർന്ന് തന്റെ കൈകൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ചില്ലിൽ തട്ടി കാള താഴെ വീണതുകൊണ്ടാണ് തങ്ങൾക്ക് രക്ഷപ്പെടാൻ സമയം കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടയിൽ ഉണ്ടായിരുന്ന നാല് കസേരകളിലും ആളുകൾ ഉണ്ടായിരുന്നു. അപ്പോയിന്റ്മെന്റ് എടുത്ത് ആളുകൾ വന്നതുകൊണ്ട് വലിയ തിരക്കില്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബാർബർ ഷോപ്പ് തകർത്തതിന് ശേഷവും ഈ കാള തെരുവുകളിലൂടെ ഓട്ടം തുടർന്നു. ആളുകളെയും വണ്ടികളെയും ഇടിച്ചുതെറിപ്പിക്കും വിധം പായുകയായിരുന്ന കാളയെ തടയാൻ നാട്ടുകാർ പരമാവധി ശ്രമിച്ചു. ഇടുങ്ങിയ തെരുവുകളിലൂടെ കാളയെ പിടികൂടാൻ ആളുകൾ പുറകെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ അധികൃതരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാളയെ കീഴ്‌പ്പെടുത്തിയത്. ആർക്കും ഗുരുതരമായ പരിക്കുകളില്ലാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും, കാള കയറിയ ബാർബർ ഷോപ്പിന് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു.




