Crime

പരോളിലിറങ്ങി മുങ്ങി, നടനായി, എമ്പുരാനില്‍ അഭിനയിച്ചു, ബച്ചനും ആമിർ ഖാനുമൊപ്പവും; ഒടുവില്‍ പിടിയില്‍

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ 12 വര്‍ഷത്തിനുശേഷം അഹമ്മദാബാദ് പൊലീസ് പിടികൂടി. പരോളിലിറങ്ങി മുങ്ങിയ പ്രതിയായ ഹേമന്ത് വൈഷ്ണവ് ഈ കാലമത്രയും മോഹൻലാലിൻ്റെ ‘എമ്പുരാൻ’ ഉൾപ്പെടെയുള്ള പ്രമുഖ സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ബോളിവുഡ് ചിത്രങ്ങളിലും വെബ് സീരീസുകളിലും സജീവമായിരുന്ന ഇയാളുടെ ഒളിവുജീവിതത്തിനാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്.

ഭൂമി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 2008 ഓഗസ്റ്റ് 27-നാണ് ഹേമന്തും സഹോദരനും ഉൾപ്പെടെ അഞ്ചുപേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2005 ജൂൺ 15-നായിരുന്നു ഈ കൊലപാതകം നടന്നത്. ശിക്ഷിക്കപ്പെട്ട ഹേമന്തിനെ ആദ്യം സബർമതി സെൻട്രൽ ജയിലിലും പിന്നീട് മെഹ്സാന ജയിലിലുമാണ് പാർപ്പിച്ചിരുന്നത്.

ആറു വർഷത്തെ ജയിൽവാസത്തിനു ശേഷം 2014 ജൂലൈ 25-ന് ഗുജറാത്ത് ഹൈക്കോടതി ഇയാൾക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്ന ഹേമന്തിനായി പൊലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഹേമന്ത് സിനിമയിൽ സജീവമാകാൻ തുടങ്ങി. 2015 വരെ ഗുജറാത്തിലെ പത്താനിൽ ഒളിച്ച താമസിച്ച ഇയാൾ, പിന്നീട് ട്വിങ്കിൾ മുകുന്ദ് ദവേ എന്ന വ്യാജപ്പേരിൽ അഹമ്മദാബാദിലേക്ക് മാറി ഒരു സ്വകാര്യ കമ്പനിയിൽ ജോലിയും നാടകങ്ങളിൽ അഭിനയവും ആരംഭിച്ചു. 2017-ഓടെ മുംബൈയിലെത്തിയ ഇയാൾ ബോളിവുഡിൽ സഹനടനായി വേഷങ്ങൾ ചെയ്യാൻ തുടങ്ങി. ഈ ഒളിവുകാലത്ത് കുടുംബവുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കുകയും ഭാര്യയെ വിവാഹമോചനം ചെയ്യുകയും ചെയ്ത ഇയാൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നു.

അമിതാഭ് ബച്ചൻ്റെ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ (2018), രൺവീർ സിങ്ങിന്റെ ‘ജയേഷ്ഭായ് ജോർദാർ’ (2022), ‘മെട്രോ ഇൻ ദിനോ’ (2025) എന്നീ ചിത്രങ്ങളിലും ഇയാൾ വേഷമിട്ടു. കൂടാതെ മോഹൻലാലിൻ്റെ ‘എമ്പുരാൻ’, സണ്ണി ഡിയോളിന്റെ ‘ലാഹോർ 1947’ തുടങ്ങിയ വലിയ സിനിമകൾക്ക് പുറമെ ഗുജറാത്തി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ച ഇയാൾ സിനിമാ മേഖലയിൽ ‘സ്പന്ദൻ മോദി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

താൻ ഇനി പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ 2025-ൽ ഹേമന്ത് വീണ്ടും അഹമ്മദാബാദിലേക്ക് താമസം മാറ്റി. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞ ഒരാൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 54-കാരനായ ഹേമന്ത് ഒടുവിൽ അറസ്റ്റിലായി. അതേസമയം, ഈ കേസിലെ മറ്റ് പ്രതികളെല്ലാം ഇതിനകം തന്നെ തങ്ങളുടെ ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *