Celebrity

‘മൗനി റോയ്‌യും ദിഷയും തമ്മിൽ ലെസ്ബിയൻ ബന്ധം’: പ്രതികരണവുമായി സൂരജ് നമ്പ്യാർ

നടി മൗനി റോയിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് വ്യക്തമായ മറുപടിയുമായി ഭർത്താവ് സൂരജ് നമ്പ്യാർ രംഗത്തെത്തി. തങ്ങളുടെ വേർപിരിയലിന് പിന്നിൽ മൂന്നാമതൊരാളും ഇല്ലെന്നും, പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൂരജ് പങ്കുവെച്ച ഈ കുറിപ്പ് മൗനി റോയിയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ റീപ്പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരുടെയും വേർപിരിയലിലേക്ക് നയിച്ചത് നടി ദിഷ പഠാണിയുമായുള്ള മൗനിയുടെ ബന്ധമാണെന്ന രീതിയിലായിരുന്നു ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നത്. മൗനിയും ദിഷയും തമ്മിൽ പ്രണയത്തിലാണെന്ന് സൂരജ് കണ്ടെത്തിയതാണ് വിവാഹമോചനത്തിന് കാരണമായതെന്നും, മൗനി 100 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് സൂരജ് നമ്പ്യാർ വ്യക്തമാക്കുന്നത്.

തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമാണെന്ന് സൂരജ് പറഞ്ഞു. ഇതിൽ ജീവനാംശത്തെക്കുറിച്ചുള്ള തർക്കങ്ങളില്ലെന്നും, രണ്ടുപേരും ഒന്നിച്ച് എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു ബന്ധവുമില്ലാത്ത, തങ്ങളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രയാസകരമായ സമയത്തും തങ്ങൾ തികഞ്ഞ അന്തസ്സോടെയാണ് പെരുമാറിയതെന്നും, എന്നാൽ മാധ്യമങ്ങൾ യാതൊരു സത്യാവസ്ഥയും അന്വേഷിക്കാതെ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കുന്നത് അനീതിയാണെന്നും സൂരജ് കുറിച്ചു. സമാധാനത്തോടെ ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2022-ൽ ഗോവയിൽ വെച്ചായിരുന്നു നടി മൗനി റോയിയും ദുബായിൽ ബാങ്കറായ സൂരജ് നമ്പ്യാരും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *