ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിൽ കയറി പോക്സോ (POCSO) കേസിൽ അറസ്റ്റിലായ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ‘ഷോലെ’ സിനിമ മോഡലില്‍ പ്രതിഷേധം. കാൺപൂരിലാണ് സംഭവം. കേസിലെ ‘ഇര’യായ യുവതി തന്നെയാണ് ഈ സാഹസത്തിനൊരുങ്ങിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്ത്തിയായിരുന്നില്ലെന്നതാണ് അമ്മയുടെ പരാതി.
ചൊവ്വാഴ്ചയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിലായ ഭർത്താവിനെ വിട്ടയയ്ക്കാതെ താഴെയിറങ്ങില്ലെന്ന് മണിക്കൂറുകളോളം ഈ യുവതി വാശിപിടിച്ചു. ഒടുവിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്ന ഭർത്താവിനെ പോലീസ് സ്ഥലത്തെത്തിച്ചതോടെയാണ് യുവതി താഴെയിറങ്ങാൻ തയ്യാറായത്.
2025 ഒക്ടോബറിൽ നടന്ന പ്രണയവിവാഹവുമായി ബന്ധപ്പെട്ടാണ് ഈ നിയമപ്രശ്നങ്ങൾ തുടങ്ങിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തവളായിരുന്നു എന്ന ആരോപണത്താലാണ് യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയത്. കഴിഞ്ഞ ആറുമാസമായി ഇയാൾ ജയിലിലായിരുന്നു. എന്നാൽ ഇരുവരും വിവാഹിതരാണെന്ന് പെൺകുട്ടിയുടെ അമ്മ പിന്നീട് സ്ഥിരീകരിച്ചിരുന്നു.
ടവറിൽ നിന്ന് താഴെയിറങ്ങിയ യുവതിയും ഭർത്താവും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരമായി. പ്രതിഷേധത്തിന് ശേഷം യുവതിയെ കൗൺസിലിംഗിനായി അയച്ചു. നിലവിൽ കോടതി ഉത്തരവ് പ്രകാരം ജയിലിൽ കഴിയുന്ന ഭർത്താവിന്റെ മോചനം നിയമപരമായ നടപടികളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഈ കേസിലെ സങ്കീർണ്ണത വർധിപ്പിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




