ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് വിവാഹമോചനം നേടിയ യുവതിക്കെതിരെ ഭർത്താവ് കോടതിയില്. ഭാര്യ തെളിവായി കോടതിയിൽ ഹാജരാക്കിയ ഫോട്ടോയിലുള്ളത് തന്റെ സ്വന്തം സഹോദരിയാണെന്നും ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നുമാണ് ഭർത്താവിന്റെ വാദം. ഗ്വാളിയോർ കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ ഇപ്പോൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
1998-ലായിരുന്നു ഗ്വാളിയോർ സ്വദേശിനിയായ യുവതിയും മാർക്കറ്റിംഗ് കമ്പനി ജീവനക്കാരനും തമ്മിലുള്ള വിവാഹം നടന്നത്. ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ മാറിനിൽക്കുന്നത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് 2015 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. യുവതി വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് 2021-ൽ ഭർത്താവ് രണ്ടാമതും വിവാഹിതനായെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.
ഭർത്താവ് തന്റെ സഹോദരിക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണ് ഭാര്യ കോടതിയിൽ തെളിവായി നൽകിയത്. ചിത്രത്തിൽ ഭർത്താവിനോട് ചേർന്നുനിൽക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണെന്ന് യുവതി കോടതിയെ വിശ്വസിപ്പിച്ചു. ഈ ഫോട്ടോയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ ഭാഗം കൃത്യമായി കേൾക്കാതെ തന്നെ കുടുംബ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ ആദ്യവാരമാണ് വിവാഹമോചനം നടന്ന കാര്യം ഭർത്താവ് അറിയുന്നത്. കോടതി രേഖകൾ പരിശോധിച്ചപ്പോൾ തെളിവായി ഹാജരാക്കിയത് തന്റെ സഹോദരിയുടെ ചിത്രമാണെന്ന് കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ വിവരങ്ങൾ നൽകിയാണ് വിധി സമ്പാദിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.




