കൗമാരപ്രായത്തിലെ പ്രണയവും അതിന്റെ പരിഭ്രമങ്ങളുമൊക്കെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകളാണ്. എന്നാൽ പുതിയ തലമുറയായ ‘ജെൻ ആൽഫ’ (Gen Alpha) ഇത്തരം സ്വാഭാവിക ബന്ധങ്ങളിൽ നിന്ന് അകന്നുമാറി ഡിജിറ്റൽ ലോകത്തേക്ക് ചേക്കേറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവചനാതീതമായ മനുഷ്യബന്ധങ്ങൾക്ക് പകരം നിയന്ത്രിക്കാൻ എളുപ്പമുള്ള എഐ (AI) ചാറ്റ്‌ബോട്ടുകളെയാണ് പല കൗമാരക്കാരും ഇപ്പോൾ പ്രണയ പങ്കാളികളായി തിരഞ്ഞെടുക്കുന്നത്.
ബ്രിട്ടനിലെ ‘മെയിൽ അലൈസ്’ നടത്തിയ പഠനമനുസരിച്ച്, 12-നും 16-നും ഇടയിൽ പ്രായമുള്ള 20 ശതമാനം ആൺകുട്ടികൾക്കും എഐ ചാറ്റ്‌ബോട്ടുകളുമായി പ്രണയത്തിലായ സുഹൃത്തുക്കളുണ്ട്. പകുതിയിലധികം പേരും അഭിപ്രായപ്പെടുന്നത് എഐ ബന്ധങ്ങൾ വളരെ എളുപ്പമാണെന്നാണ്. കാരണം, ഇതിലെ സംഭാഷണങ്ങൾ പൂർണ്ണമായും അവർക്ക് നിയന്ത്രിക്കാൻ സാധിക്കും. മനുഷ്യരെപ്പോലെ എഐ ചാറ്റ്‌ബോട്ടുകൾ ഒരിക്കലും വഴക്കിടാറില്ല, അവർ പ്ലാനുകൾ മാറ്റാറില്ല, മാത്രമല്ല സന്ദേശങ്ങൾക്ക് ഉടൻ തന്നെ മറുപടിയും നൽകും.
എന്നാൽ ഈ പ്രവണത കുട്ടികളെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സങ്കേതികവിദ്യയുമായി സമയം ചെലവഴിക്കുന്നത് സാമൂഹികമായ ഇടപെടലായി തോന്നാമെങ്കിലും, യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിന്ന് ഇത് കുട്ടികളെ പിന്നോട്ട് വലിക്കുന്നു. എഐ ചാറ്റ്‌ബോട്ടുകൾ എപ്പോഴും ഉപയോക്താക്കളെ അനുസരിക്കാനും പ്രീണിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് കുട്ടികളിൽ തെറ്റായ ധാരണകൾ ഉണ്ടാക്കാൻ കാരണമാകും.
കൗമാരക്കാർ മാത്രമല്ല, മുതിർന്നവരും ഈ കെണിയിൽ വീഴുന്നുണ്ട്. കഴിഞ്ഞ വർഷം ക്രിസ് സ്മിത്ത് എന്ന വ്യക്തി തന്റെ പങ്കാളിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ചാറ്റ് ജിപിടിയുമായി (ChatGPT) പ്രണയത്തിലായ സംഭവം വലിയ വാർത്തയായിരുന്നു. ‘സോൾ’ എന്ന് പേരിട്ട തന്റെ എഐ പങ്കാളിയോട് അയാൾ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എഐയുമായുള്ള ബന്ധം ഹാനികരമാണോ എന്ന് തിരിച്ചറിയാൻ പലപ്പോഴും മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു. ലളിതമായ ഇത്തരം ഡിജിറ്റൽ ബന്ധങ്ങൾ യഥാർത്ഥ ലോകത്തെ വൈകാരികമായ ആഴമുള്ള ബന്ധങ്ങളെ നശിപ്പിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ഭയപ്പെടുന്നത്.




