വാരാന്ത്യങ്ങളിൽ പാർട്ടികൾ ആഘോഷമാക്കുമ്പോൾ മദ്യം ഒഴിവാക്കാൻ കഴിയാത്തവർക്കായി ഗുരുഗ്രാമിലെ പ്രമുഖ ക്യാൻസർ വിദഗ്ധയായ ഡോ. വർതിക വിശ്വാനി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു. മദ്യം ശരീരത്തിന് ഒട്ടും സുരക്ഷിതമല്ലെങ്കിലും, അത് ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു.
ഒന്നാമതായി, കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി മദ്യം കഴിക്കുന്ന രീതി (Binge drinking) ഒഴിവാക്കണം. ഇത് കരളിനെ ദോഷകരമായി ബാധിക്കുകയും ശരീരത്തിൽ ‘അസറ്റാൽഡിഹൈഡ്’ എന്ന വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് തലവേദന, ഛർദ്ദി, തലകറക്കം എന്നിവയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസറിനും കാരണമായേക്കാം.
രണ്ടാമതായി, മദ്യപാനത്തോടൊപ്പം പുകവലിക്കുന്നത് ഒഴിവാക്കണം. ഇവ രണ്ടും കൂടി ചേരുമ്പോൾ ശരീരത്തിനേൽക്കുന്ന ആഘാതം ഇരട്ടിയാവുകയും രോഗസാധ്യതകൾ 21 മടങ്ങ് വരെ വർദ്ധിക്കുകയും ചെയ്യുന്നു.
മൂന്നാമതായി, വേപ്പിംഗും (vaping) പുകവലിയും ഒരുപോലെ അപകടകരമാണെന്ന് ഡോ. വർത്തിക വിശ്വാനി മുന്നറിയിപ്പ് നൽകുന്നു. ഞാൻ പുകവലിക്കാറില്ല, വേപ്പിംഗ് മാത്രമേ ചെയ്യാറുള്ളൂ എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. അതുകൊണ്ട് തന്നെ, നിങ്ങൾ മദ്യപിക്കുന്ന സമയത്ത് വേപ്പിംഗും പുകവലിയും പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. (പുകയില കത്തിച്ച് പുക ശ്വസിക്കുന്നതിന് പകരം, ഒരു പ്രത്യേക ദ്രാവകത്തെ (e-liquid) ചൂടാക്കി അത് ആവിയാക്കി ശ്വസിക്കുന്ന രീതിയെയാണ് വേപ്പിംഗ് (Vaping) എന്ന് പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണത്തെ ഇ-സിഗരറ്റ് (E-cigarette) അല്ലെങ്കിൽ വേപ്പ് പെൻ (Vape pen) എന്ന് വിളിക്കുന്നു.)
നാലാമതായി ഒരിക്കലും ഒഴിഞ്ഞ വയറ്റിൽ മദ്യപിക്കരുത്. ഭക്ഷണം കഴിക്കാതെ മദ്യപിക്കുമ്പോൾ ശരീരം മദ്യം വേഗത്തിൽ ആഗിരണം ചെയ്യുകയും അത് ആന്തരികാവയവങ്ങൾക്ക് വലിയ നാശമുണ്ടാക്കുകയും ചെയ്യുന്നു.
അവസാനമായി, പലതരം മദ്യങ്ങൾ കലർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മദ്യത്തിന്റെ അളവ് കൂടാനും ശരീരത്തിൽ കൂടുതൽ വിഷാംശങ്ങൾ എത്താനും സാധ്യതയുണ്ട്. സന്തോഷകരമായ ആഘോഷങ്ങൾക്കിടയിലും ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തണമെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു.




