ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ പലപ്പോഴും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ പാചകത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒരാൾ ഒരു ദിവസം എത്രത്തോളം എണ്ണ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പങ്കുവെച്ച വീഡിയോയിൽ പ്രമുഖ ലിവർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശിവ് സരിൻ വ്യക്തമാക്കുന്നു. ഒരാൾ ഒരു ദിവസം കഴിക്കുന്ന ആകെ കലോറിയുടെ പരമാവധി 20 ശതമാനത്തിൽ താഴെ മാത്രമേ എണ്ണയുടെ അളവ് പാടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.
നമ്മൾ അറിയാതെ തന്നെ ദിവസവും അഞ്ചോ ആറോ സ്പൂൺ എണ്ണയോ നെയ്യോ ശരീരത്തിലെത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സ്പൂണിൽ ഏകദേശം 5 ഗ്രാം എണ്ണ അടങ്ങിയിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ ചേർക്കുന്ന എണ്ണയുടെ അളവ് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം അത് ശരീരത്തിന് ഗുണകരമാണ്.
അതേസമയം നിലക്കടല, ബദാം, വാൾനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക എണ്ണകൾ ശരീരത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാലഞ്ച് സ്പൂൺ നെയ്യ് ചേർത്താലേ ഭക്ഷണം രുചികരമാകൂ എന്ന ചിന്താഗതി മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
എണ്ണ ഉപയോഗിക്കാതെ തന്നെ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. ചിക്കൻ മസാല, ഫിഷ് കറി, മുർഗ് മലൈവാല തുടങ്ങിയ വിഭവങ്ങൾ എണ്ണ ചേർക്കാതെ തന്നെ മസാലകളും തൈരും ഉപയോഗിച്ച് പാകം ചെയ്തെടുക്കാം. കന്യാകുമാരി സ്റ്റൈൽ ഫിഷ് കറിയിൽ പുളിയും സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നതിലൂടെ എണ്ണയില്ലാതെ തന്നെ നല്ല രുചി ലഭിക്കും. അതുപോലെ ടോഫുവും കശുവണ്ടിയും ഉപയോഗിച്ച് എണ്ണയില്ലാത്ത മയോണൈസും തയ്യാറാക്കാം. എണ്ണ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വിഭവങ്ങൾ മികച്ച പകരക്കാരാണ്.




