ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ സംഘടിപ്പിച്ച ‘നമൻ’ പുരസ്കാര വേദിയിൽ മലയാളി താരം സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 2025-26 കാലയളവിൽ വിവിധ ലോകകപ്പുകൾ നേടിയ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങിലാണ് ആരാധകരുടെ മനംകവർന്ന ഈ സംഭവം നടന്നത്. ചാംപ്യൻസ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്കൊപ്പം സദസ്സിലിരുന്ന രാഹുൽ, വേദിയിലേക്ക് നടന്നുനീങ്ങുകയായിരുന്ന സഞ്ജുവിനെ ചിരിയോടെ അഭിവാദ്യം ചെയ്തതാണ് വീഡിയോയുടെ തുടക്കം.
തനിക്ക് പിന്നിൽനിന്ന് വിളിച്ചത് രാഹുലാണെന്ന് തിരിച്ചറിഞ്ഞ സഞ്ജു ഉടൻതന്നെ ക്യൂവിൽനിന്ന് മാറി പുറകോട്ടു വരികയും രാഹുലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ടീമിലെ മത്സരങ്ങൾക്കപ്പുറം ഇരുതാരങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഈ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത്. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ രാഹുൽ അഭിനന്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സഞ്ജുവിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിന് രാഹുൽ നൽകിയ ഈ ‘പരസ്യമായ കയ്യടി’ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
അഞ്ച് ഇന്നിങ്സുകളിൽനിന്ന് 321 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച സഞ്ജുവിനെ ഏകദിന ടീമിലേക്കും പരിഗണിക്കണമെന്ന വാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലാകുന്നത്. നിലവിൽ ഏകദിന ടീമിലെ വിക്കറ്റ് കീപ്പറായ രാഹുലും ട്വന്റി20 ലോകകപ്പിലെ ഹീറോ സഞ്ജുവും തമ്മിലുള്ള ഈ ഊഷ്മളമായ ബന്ധം കായിക ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു. ടീം സെലക്ഷനിലെ പോരാട്ടങ്ങൾക്കിടയിലും താരങ്ങൾക്കിടയിലുള്ള സ്നേഹം കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.




