ബംഗളൂരുവിലെ ഒരു കഫേ ഭക്ഷണത്തിന് പുറമെ ‘ഗ്യാസ് പ്രതിസന്ധി’ എന്ന പേരിൽ അധിക തുക ഈടാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിയോ കഫേ (Theo Cafe) നൽകിയ ബില്ലിൽ മൊത്തം തുകയുടെ 5 ശതമാനം ‘എക്സ്ട്രാ ഗ്യാസ് ക്രൈസിസ് ചാർജ്’ ആയി ചേർത്തതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.
പാചകവാതകം ഒട്ടും ആവശ്യമില്ലാത്ത മിന്റ് ലമണെയ്ഡ് (നാരങ്ങാവെള്ളം) പോലുള്ള പാനീയങ്ങൾക്കും ഈ അധിക ചാർജ് ഈടാക്കിയതാണ് വിവാദം കൊഴുപ്പിച്ചത്. ആഗോള യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിതരണ തടസ്സമുണ്ടെങ്കിലും, അതിന്റെ പേരിൽ ഉപഭോക്താക്കളെ പിഴിയുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.
ഈ ബില്ലിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെ ഇത് ‘പകൽക്കൊള്ള’യാണെന്ന് പലരും വിമർശിച്ചു. ഗ്യാസ് ആവശ്യമില്ലാത്ത സാധനങ്ങൾക്ക് പോലും എന്തിനാണ് ഉപഭോക്താക്കൾ അധിക പണം നൽകുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. ടാക്സും സർവീസ് ചാർജും നിലവിലുള്ളപ്പോൾ ഇത്തരം അനാവശ്യ ഫീസുകൾ അനാവശ്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് പകരം, ഇത്തരം നിയമവിരുദ്ധമായ ചാർജുകൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയാണ് വേണ്ടതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ഇത് പകൽക്കൊള്ളയാണ്” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പരിഹാസം




