Featured Fitness

ഈ 4 ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങളുടെ തടി കുറയില്ല!

ശരീരഭാരം പലരുടേയും ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്കിടയില്‍ പാതിവഴിയില്‍ മടുപ്പ് തോന്നി നിര്‍ത്തുന്നത് പലരിലും കണ്ടു വരുന്ന ഒന്നാണ്. ഒരാള്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ പോകുകയാണോ എന്ന് തിരിച്ചറിയാനും അത് തിരുത്താനുമുള്ള 4 പ്രധാന സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫിറ്റ്നസ് കോച്ചായ അമക വിവരിക്കുന്നു.

1. വെയ്റ്റിംഗ് സ്‌കെയിലിലെ അമിത ശ്രദ്ധ – ഭാരം നോക്കുന്ന മെഷീനിലെ അക്കങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രതീക്ഷിച്ച മാറ്റം കാണാത്തപ്പോള്‍ നിരാശപ്പെട്ട് അമിതമായി ഭക്ഷണം കഴിക്കുന്നത് വലിയൊരു തെറ്റാണ്. രണ്ടാഴ്ചയൊന്നും കാര്യമായ മാറ്റം കാണാന്‍ മതിയായ സമയമല്ല. തൂക്കത്തിന് പകരം ശരീരത്തിന്റെ അളവുകള്‍ (Measurements), ഫോട്ടോകള്‍ എന്നിവ പുരോഗതിയുടെ അടയാളമായി കണക്കാക്കുക.

2. നിഷേധാത്മക മനോഭാവം (Negative Attitude) – ‘എനിക്ക് വ്യായാമം ചെയ്യാന്‍ കഴിയില്ല’, ‘ഭാരം കുറയില്ലെന്ന് എനിക്കറിയാം’, ‘ജങ്ക് ഫുഡ് ഉപേക്ഷിക്കാന്‍ പറ്റില്ല’ എന്നിങ്ങനെയുള്ള നെഗറ്റീവ് സംസാരങ്ങള്‍ ഒഴിവാക്കണം. ലക്ഷ്യത്തിലെത്താന്‍ പോസിറ്റീവ് മനോഭാവം അത്യാവശ്യമാണ്. മാനസികമായ കരുത്തിന് ആത്മീയമായ വഴികള്‍ തേടുന്നതും നല്ലതാണെന്ന് അമക നിര്‍ദ്ദേശിക്കുന്നു.

3. നേട്ടങ്ങള്‍ക്ക് ശേഷം ഇടവേള എടുക്കുന്നത് – കുറച്ച് പുരോഗതി ഉണ്ടാകുമ്പോഴേക്കും വിശ്രമം എടുക്കുന്നത് ലക്ഷ്യത്തില്‍ എത്തുന്നതിനെ തടയും. ഉദാഹരണത്തിന്, 10 കിലോ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 5 കിലോ കുറഞ്ഞപ്പോള്‍ തന്നെ ‘ബ്രേക്ക്’ എടുത്താല്‍, കുറഞ്ഞ ഭാരം തിരികെ വരാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കുന്നത് ഒരു താല്‍ക്കാലിക പരിപാടിയല്ല, മറിച്ച് അതൊരു ജീവിതശൈലിയായി തുടരേണ്ട ഒന്നാണ്.

4. ഉറക്കമില്ലായ്മ – കൃത്യമായി ഉറക്കം ലഭിക്കാത്തത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കും. വിശ്രമമില്ലാത്തത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ (Cortisol) ഹോര്‍മോണിന്റെ അളവ് കൂട്ടുകയും ഇത് ഭാരം കുറയുന്നത് തടയുകയും ചെയ്യും. ശരിയായ വിശ്രമം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.