2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ടീമും പരിശീലകനും വ്യവസ്ഥിതിയും നിലവിൽ വന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കവും ഗംഭീറിന്റെ വരവോടെ സംഭവിച്ചു. ‘ടീമിനാണ് മുൻഗണന’ എന്ന മനോഭാവം കളിക്കാരിലേക്ക് എത്തിച്ച ഗംഭീറിന് കീഴിൽ 2026-ലെ ലോകകപ്പിലും കിരീടം നിലനിർത്താൻ ഇന്ത്യക്കായി. ഇന്ത്യൻ ടീമിനെ ലോകം പ്രശംസിക്കുമ്പോൾ, കോലിയിൽ നിന്നും രോഹിത്തിൽ നിന്നും മാറി പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിജയത്തിൽ വലിയ പങ്കുവഹിച്ചെന്ന് മുൻ പാക് താരം ഷുഐബ് അക്തർ ചൂണ്ടിക്കാട്ടി.
ഒരു പാകിസ്താനി ചാനലിലെ ചർച്ചയ്ക്കിടെ അക്തർ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി. ബിസിസിഐ (BCCI) നടത്തിയ നിക്ഷേപങ്ങളെയും ഗംഭീർ സൃഷ്ടിച്ച സംവിധാനത്തെയും അഭിനന്ദിച്ച ‘റാവൽപിണ്ടി എക്സ്പ്രസ്’, ഇന്ത്യൻ ക്രിക്കറ്റിന്റെ ഘടനയെ ആദരവോടെയാണ് വിശേഷിപ്പിച്ചത്.
“ഇന്ത്യയെക്കുറിച്ച് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഒന്നാമതായി, അവരുടെ പോളിസി വിജയിച്ചു. രണ്ടാമതായി, അവരുടെ സിസ്റ്റം വിജയിച്ചു. എല്ലാറ്റിലുമുപരി അവരുടെ മാനേജ്മെന്റ് വിജയിച്ചു. പണം ശരിയായ രീതിയിൽ ചിലവഴിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. പണ്ട് രഞ്ജി ട്രോഫി കളിക്കുന്ന കുട്ടികൾക്ക് പണം ലഭിച്ചിരുന്നില്ല. ഇന്ന് ഗംഭീർ എല്ലാവരോടും പോരാടി. രണ്ട് യുവാക്കൾക്ക് അദ്ദേഹം അവസരം നൽകുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തു. അവിടെ സഞ്ജു സാംസൺ എന്നൊരു കുട്ടിയുണ്ടായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ച്, മറ്റൊരാളെ മാറ്റി നിർത്തി സഞ്ജുവിനെ ടീമിലെടുക്കാൻ ഗംഭീർ വലിയ റിസ്ക് എടുത്തു,” അക്തർ പറഞ്ഞു.
“സഞ്ജു സാംസൺ നിങ്ങളുടെ മുന്നിലുണ്ടായിരുന്നു. ഞാൻ ആവർത്തിച്ചു പറയുകയാണ്, ഒരു താരം മുഴുവൻ ടീമിനെയും നിഷ്പ്രഭമാക്കി. അഭിഷേക് ശർമ്മ വളരെ ചെറുപ്പമാണ്, എന്നിട്ടും പക്വതയുള്ളവനാണ്. അവന് ഇനിയും ഒരുപാട് പഠിക്കാനുണ്ട്, എങ്കിലും അവൻ മികച്ചവനാണ്. ഇന്ന് ഗംഭീറിന്റെ പോളിസിയും മാനേജ്മെന്റുമാണ് ജയിച്ചത്. നമ്മൾ ശരിയായ രീതിയിൽ ചിന്തിക്കുന്നു, അവസരങ്ങൾ നൽകുന്നു, അങ്ങനെ 15 കളിക്കാർ തിരഞ്ഞെടുക്കപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ലോകകപ്പിന് പിന്നാലെ കോലിയും രോഹിത്തും വിരമിക്കൽ പ്രഖ്യാപിച്ചതാണെങ്കിലും, പുതിയൊരു ടീമിനെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി അവരെ ‘മാറ്റിനിർത്തുകയായിരുന്നു’ എന്നൊരു സൂചന നൽകിക്കൊണ്ട് അക്തർ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
“ഒരുപാട് മാറ്റങ്ങൾ അവിടെയുണ്ടായി. രോഹിത്തിനെയും കോലിയെയും പോലുള്ള ഇതിഹാസങ്ങളോട് അവർ യാത്ര പറഞ്ഞു. ഇപ്പോൾ ഇന്ത്യ ലോകകപ്പ് ജയിച്ചിരിക്കുന്നു. അവർ ഒരു വിജയ സംഘത്തിന്റെ ഭാഗമായിരുന്നു – ഒരു ക്യാപ്റ്റനും ഒരു ഇതിഹാസവും. പക്ഷേ ടീം മുന്നോട്ട് ചിന്തിച്ചു. അത് ശരിയായ തീരുമാനമായിരുന്നു എന്ന് ഇന്ന് തെളിയിക്കപ്പെട്ടു. ബിസിസിഐ അവരുടെ സിസ്റ്റത്തിനായി പണം ചിലവഴിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണ്.”
“അവസാനമായി, ഇന്ത്യ തങ്ങളുടെ മുൻഗാമികളെ എത്ര മനോഹരമായാണ് ബഹുമാനിക്കുന്നത്. ഇന്ന് ഇന്ത്യ വിജയം ആഘോഷിക്കുമ്പോൾ രോഹിത് ശർമ്മയെയും എം.എസ്. ധോണിയെയും പോലുള്ള മുൻ ക്യാപ്റ്റന്മാർ ഒപ്പമുണ്ട്. അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ടീമിനെ തിരഞ്ഞെടുത്താൽ, ഇത്തരത്തിൽ ആഘോഷിക്കാം. നിങ്ങളുടെ രണ്ടാമത്തെ (തുടർച്ചയായ) ലോകകപ്പ് സമ്മാനം ഇന്ന് ഏറ്റുവാങ്ങിക്കോളൂ,” അക്തർ പറഞ്ഞു നിർത്തി.




