Crime

അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ല, പൂര്‍ണ ലൈംഗികബന്ധം നടന്നില്ലെങ്കില്‍ ബലാത്സംഗമല്ലെന്ന്‌ ഹൈക്കോടതി

ഛത്തിസ്‌ഗഡ്‌: ലൈംഗികപീഡനക്കേസില്‍, ലിംഗപ്രവേശം കൂടാതെ പുരുഷന്‌ സ്‌ഖലനം സംഭവിച്ചാല്‍ അത്‌ ബലാത്സംഗശ്രമം മാത്രമാണെന്നും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഛത്തിസ്‌ഗഡ്‌ ഹൈക്കോടതി. അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ലെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ പ്രതിയുടെ തടവുശിക്ഷ ഏഴുവര്‍ഷത്തില്‍നിന്ന്‌ മൂന്നരവര്‍ഷമായി കുറച്ചുകൊണ്ടാണ്‌ ജസ്‌റ്റിസ്‌ നരേന്ദ്രകുമാര്‍ വ്യാസിന്റെ വിധിപ്രസ്‌താവം.

പ്രതിയുടെ ഉദ്ദേശ്യം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നു വ്യക്‌തമാണെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഐ.പി.സി. 375 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്താന്‍ ലിംഗപ്രവേശം നടന്നതായി തെളിയിക്കപ്പെടണം. 2004 മേയ്‌ 21-ന്‌ ഛത്തിസ്‌ഗഡിലെ ധാംതാരി ജില്ലയിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. അതിജീവിതയെ അവരുടെ വീട്ടില്‍നിന്ന്‌ സ്വന്തം വീട്ടിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയ പ്രതി ക്രൂരമായ രീതിയില്‍ ബലാത്സംഗശ്രമം നടത്തുകയായിരുന്നു.

അതിജീവിതയെ മുറിയില്‍ പൂട്ടിയിട്ട്‌ കൈകാലുകള്‍ ബന്ധിച്ച്‌, വായില്‍ തുണിതിരുകിയായിരുന്നു ബലാത്സംഗശ്രമം. മണിക്കൂറുകള്‍ക്കുശേഷം അതീജീവിതയുടെ മാതാവെത്തിയാണ്‌ മകളെ രക്ഷിച്ചത്‌. 2005-ല്‍ വിചാരണക്കോടതി പ്രതിക്ക്‌ ബലാത്സംഗക്കുറ്റം ചുമത്തി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു.
ശിക്ഷയ്‌ക്കെതിരേ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ ഹൈക്കോടതി പരിശോധിച്ചത്‌ ലൈംഗികബന്ധം നടന്നോയെന്ന്‌ മാത്രമാണ്‌.

ലൈംഗികബന്ധം നടന്നതായി അതിജീവിത ആദ്യം ആരോപിച്ചെങ്കിലും പിന്നീട്‌ പൂര്‍ണതോതില്‍ നടന്നില്ലെന്നു തിരുത്തി.
കന്യാചര്‍മത്തിനു ക്ഷതമേറ്റിട്ടില്ലെന്നു വൈദ്യപരിശോധനയിലും തെളിഞ്ഞു. വസ്‌ത്രങ്ങളില്‍ മാത്രമാണ്‌ ബീജം കണ്ടെത്തിയത്‌. പ്രതിയുടെ പ്രവൃത്തി ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നും ബലാത്സംഗശ്രമം മാത്രമാണെന്നും ജസ്‌റ്റിസ്‌ വ്യാസ്‌ വിലയിരുത്തി.