ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയായി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കത്തിടപാടുകള്‍ യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ധനസഹായം, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും പ്രധാനമായി ചര്‍ച്ച ചെയ്‌തതെന്നാണു റിപ്പോര്‍ട്ടിലുള്ളത്. പിന്നീട് ചര്‍ച്ചകളുടെ തലം മാറി.
യു.എസ്. നീതിന്യായ വകുപ്പിന്റെ എപ്‌സ്‌റ്റീന്‍ ഫയല്‍സ് വെബ്‌സൈറ്റില്‍ നടത്തിയ തെരയലില്‍ 87 ഫലങ്ങളില്‍ അനില്‍ അംബാനിയുടെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.2019 ഏപ്രില്‍ 20നായിരുന്നു ആദ്യ സന്ദേശം. അനില്‍ അംബാനി എപ്‌സ്‌റ്റീന് ഐമെസേജ് ചാറ്റില്‍ എഴുതി: ‘കോര്‍പ്പറേറ്റ് തലത്തില്‍ ധനസഹായം ക്രമീകരിക്കാന്‍ നിങ്ങള്‍ എങ്ങനെ സഹായിക്കും?’ പിന്നീട് പല തവണ സന്ദേശങ്ങള്‍ കൈമാറി. പിന്നീട് ഇരുവരും എപ്‌സ്‌റ്റീന്റെ ലക്ഷ്വറി ഭവനത്തില്‍വച്ച് അത്താഴ വിരുന്നുകളില്‍ പങ്കെടുത്തു.
ഒരു ഘട്ടത്തില്‍, അനില്‍ അംബാനിക്ക് എപ്‌സ്‌റ്റീനില്‍ സംശയം തോന്നി. അതിനുള്ള അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടില്‍ ധാരാളം ധനകാര്യ വിദഗ്‌ധരുണ്ട്. നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. എന്റെ ഗൂഗിളിനെക്കുറിച്ചുള്ള ആശങ്കയാണെങ്കില്‍, വലിയൊരു കൂട്ടം മന്ത്രിമാര്‍ അത് ലഘൂകരിക്കും.’
യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ അനുസരിച്ച്, അനില്‍ അംബാനിയുമായി അടുത്ത ബന്ധം സ്‌ഥാപിക്കാന്‍ എപ്‌സ്‌റ്റീന്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. ലൈംഗിക കുറ്റവാളിയെന്ന് അമേരിക്കന്‍ അധികൃതര്‍ കുറ്റംചുമത്തുന്നതിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ പോലും ഇരുവരും അടുത്തിടപഴകിയിരുന്നു.
‘ആരെയാണ് നിങ്ങള്‍ നിര്‍ദേശിക്കുന്നത്?’ അനില്‍ അംബാനി ഒരു സന്ദേശത്തില്‍ ചോദിച്ചു.’സന്ദര്‍ശനം രസകരമാക്കാന്‍, ഒരു ഉയരമുള്ള സ്വീഡിഷ് യുവതിയെ’- എപ്‌സ്‌റ്റീന്‍ മറുപടി നല്‍കി.’അത് ക്രമീകരിക്കുക’ -അംബാനി എഴുതി.
എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ അനില്‍ അംബാനിയുടെ പേര് വന്നിട്ടും അദ്ദേഹം എന്തുകൊണ്ട് ജയിലിലായില്ല എന്ന് കോണ്‍ഗ്രസ് ആരാഞ്ഞു. എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ട നേതാക്കളെക്കുറിച്ച് പല രാജ്യങ്ങളും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ഫ്രാന്‍സില്‍ എപ്‌സ്‌റ്റീന്‍ ഫയലുകള്‍ പരിശോധിക്കാന്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്.




