Featured Oddly News

10 വര്‍ഷം ഉടമയുടെ കല്ലറയ്‌ക്കരികില്‍ കാവല്‍; ഇനി ബോബിന്റെ പേരില്‍ നിയമം

ബ്രസീലിയ: ബ്രസീലുകാരുടെ പ്രിയപ്പെട്ട ‘ബോബിന്റെ’ പേരില്‍ ഇനി നിയമവും. ഉടമയുടെ കല്ലറയ്‌ക്കു സമീപം 10 വര്‍ഷത്തോളം കാവല്‍നിന്നാണ്‌ ബോബ്‌ എന്ന നായ പ്രശസ്‌തനായത്‌. സാവോ പോളോയിലെ ഒരു ശ്‌മശാനത്തിലാണു അവന്റെ ഉടമയെ അടക്കം ചെയ്‌തത്‌.
ബോബിന്റെ ജീവിതം ചര്‍ച്ചയായതോടെ സാവോ പോളോയില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമകളുടെ കല്ലറയ്‌ക്ക്‌ സമീപം അടക്കം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ‘ബോബ്‌ കോവെയ്‌റോ’ (കോവെയ്‌റോ എന്നാല്‍ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ കല്ലറ എന്ന്‌ അര്‍ത്ഥം) എന്ന്‌ ഓമനപ്പേരില്‍ അറിയപ്പെട്ട നായ, 2021ല്‍ മരിക്കുന്നതുവരെ കല്ലറയ്‌ക്കു സമീപം തുടര്‍ന്നു. മരണാനന്തരം ബോബിനെ ഉടമയുടെ അരികില്‍ തന്നെ അടക്കം ചെയ്‌തു.
വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമകളും തമ്മിലുള്ള ‘വൈകാരിക ബന്ധം’ അംഗീകരിക്കുന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ‘സ്‌നേഹത്തിന്റെയും വിശ്വസ്‌തതയുടെയും കഥയായി ആരംഭിച്ച ബോബിന്റെ ജീവിതം പൊതു നയമായി മാറിയിരിക്കുന്നു.’ – ബില്ലിനു പിന്നില്‍ പ്രവര്‍ത്തിച്ച എഡ്വേര്‍ഡോ നോബ്രെഗ പറഞ്ഞു. ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതനുസരിച്ച്‌, 2011 ല്‍ ഉടമയുടെ സംസ്‌കാര ചടങ്ങിനായാണു ബോബിനെ ടാബോവോ ഡാ സെറയിലെ ശ്‌മശാനത്തിലെത്തിച്ചത്‌. അതിനുശേഷം അവിടെനിന്ന്‌ പോകാന്‍ അവന്‍ കൂട്ടാക്കിയില്ല. കുടുംബാംഗങ്ങള്‍ വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലും അവന്‍ തിരികെ ശ്‌മശാനത്തിലെത്തി. പിന്നീട്‌ ശ്‌മശാനത്തിനടുത്ത്‌ അവനായി ചെറിയ വീടൊരുക്കി. അവിടെ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ അവന്റെ സാന്നിധ്യമുണ്ടായിരുന്നു. 2021ല്‍ ഒരു വാഹനമിടിച്ചു മരിച്ചപ്പോള്‍, ഉടമയുടെ അരികില്‍ തന്നെ അവനെയും അടക്കം ചെയ്‌തു.
ബോബിന്റെ ഓര്‍മ്മയ്‌ക്കായി ഒരു പ്രതിമ സ്‌ഥാപിക്കാന്‍ നീക്കമുണ്ട്‌. ‘അവന്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി’ എന്നാണ്‌ ആരാധകരുടെ വാദം. പുതിയ നിയമം അനുസരിച്ചു നായകളെ മാത്രമല്ല, പൂപ്പകളെയും ഉടമയുടെ കല്ലറയ്‌ക്കു സമീപം അടക്കം ചെയ്യാനാകും. അതിനായി ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു മാത്രം. പെറ്റ്‌ ബ്രസീല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്‌, വളര്‍ത്തുമൃഗ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്‌ഥാനം ബ്രസീലിനുണ്ട്‌. 16 കോടി വളര്‍ത്തുമൃഗങ്ങളാണ്‌ അവിടെയുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *