ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്.
പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിന്‍ സാബിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അഞ്ചുമണിക്കൂര്‍ മാത്രമോ അതില്‍ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന അപകടാവസ്ഥകളെക്കുറിച്ചാണ് പറയുന്നത്. 7675 ബ്രിട്ടീഷ് പൗരന്മാരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. അമ്പതും അറുപതും എഴുപതും വയസ്സു പ്രായമുള്ളവരുടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയിലുള്ള ഉറക്കത്തിന്റെ രീതി നിരീക്ഷിച്ചാണ് പഠനം സംഘടിപ്പിച്ചത്. ഉറക്കവും ആരോഗ്യപ്രശ്‌നവും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്. ഉറക്കക്കുറവ് നേരിടുന്നവരില്‍ പലരും രണ്ടോ അതിലധികമോ മാറാവ്യാധികള്‍ക്ക് അടിമകളാണെന്ന് കണ്ടെത്തി.
അമ്പതു വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ നിര്‍ബന്ധമായും അഞ്ചു മണിക്കൂറിനു മുകളില്‍ ഉറങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അഞ്ചുമണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്ന അമ്പതു വയസ്സു പ്രായക്കാരില്‍ ഹൃദ്രോഗങ്ങള്‍, ഡയബറ്റിസ്, കാന്‍സര്‍ മുതലയാവ കാണപ്പെടുന്നതായി ഗവേഷകര്‍ വ്യക്തമാക്കി. ഏഴുമണിക്കൂര്‍ ഉറക്കം ലഭിക്കുന്നവരെ അപേക്ഷിച്ച് ഉറക്കക്കുറവ് നേരിടുന്നവരില്‍ രോഗസാധ്യത ഇരുപതു ശതമാനത്തോളം അധികമാണെന്നാണ് പഠനം പറയുന്നത്.
രാത്രി ഏഴു മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് അഭികാമ്യമെന്നും ഇതില്‍ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാമെന്നും സെവെറിന്‍ പറയുന്നു. മതിയായ ഉറക്കം നേടുന്നതിനായി ശീലങ്ങളില്‍ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും സെവെറിന്‍ പറയുന്നുണ്ട്. കിടക്കാന്‍ പോകും മുമ്പ് ബെഡ്‌റൂം നിശബ്ദമായിരിക്കാനും വെളിച്ചം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും സുഖകരമായ ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കണമെന്നും സെവെറിന്‍ പറയുന്നു.
ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണമെന്നും ഇലക്ട്രോണിക് ഡിവൈസുകള്‍ കിടക്കയിലേക്ക് കൊണ്ടു വരുന്ന ശീലം ഉപേക്ഷിക്കണമെന്നും സെവെറിന്‍ പറയുന്നു. പകല്‍ സമയത്ത് ആരോഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നത് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നും സെവെറിന്‍ പറയുന്നു. PLOS Medicine എന്ന ജേര്‍ണലിലാണ് ഈ പഠനം പുറത്തു വന്നിരിക്കുന്നത്




