കൊച്ചി: അര്‍ധരാത്രി സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. 17 കിലോമീറ്ററേളാം ബസ് ഇതിനായി തിരിച്ചുപോയി.
ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ഗകെ.എല്‍. 15 എ 2964 നമ്പര്‍ ബസിലെ ജീവനക്കാരാണ് അര്‍ധരാത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്.
വൈറ്റിലയില്‍ നിന്നുമാണു യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പ്. വണ്ടി നിര്‍ത്തി ഏതാനും പേര്‍ സറ്റോപ്പില്‍ ഇറങ്ങിയെങ്കിലും യുവതിയും കുഞ്ഞും ഉറക്കമായിരുന്നു. ബസ് ഏറെ നേരം മുന്നോട്ടുപോയിക്കഴിഞ്ഞാണു യുവതി ഇറങ്ങാനുണ്ടെന്നു പറയുന്നത്. ഹൈവെ ആയിരുന്നതിനാല്‍ ബസിനു തിരിക്കാന്‍ പന്ത്രണ്ട് കിലോമീറ്റര്‍ പോകണമായിരുന്നു. ബസ് തിരിച്ച് ഇവരെ ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്ന മറ്റേതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസില്‍തന്നെ കയറ്റിവിടാന്‍ തീരുമാനിച്ചെങ്കിലും ഒരു ബസും വന്നില്ല.
ഇതോടെ ജീവനക്കാര്‍ യുവതിയെയും കുഞ്ഞിനെയും വഴിയിലിറക്കാതെ തിരിച്ചു ചങ്ക് വെട്ടിയിലെക്കുതന്നെ ബസ് വിടുകയായിരുന്നു. പതിനേഴ് കിലോമീറ്ററാണ് യുവതിക്കും കുഞ്ഞിനുമായി ബസ് വീണ്ടും ഓടിയത്. ചങ്ക് വെട്ടിയില്‍ ബസ് എത്തുമ്പോഴേക്കും യുവതിയുടെ സഹോദരന്‍ കാറുമായെത്തി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി സഹോദരനെ ഏല്‍പിച്ച ശേഷം ബസ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബസിലെ യാത്രക്കാരും ഇവരെ തിരികെ സുരക്ഷിതമായി എത്തിക്കാനായി ബസ് ജീവനക്കാരോട് സഹകരിക്കുകയായിരുന്നു.




