Crime Featured

‘ഫോൺ കട്ടാകും മുൻപ് അലർച്ച, നിന്റെ സഹോദരി മരിച്ചു, വന്ന് ബോഡി കൊണ്ടുപോയ്ക്കോ’ വനിതാ കമാൻഡോയുടെ ദാരുണാന്ത്യത്തിൽ വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ സ്വാറ്റ്‌ കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാജല്‍ ചൗധരി(27)യാണു കൊല്ലപ്പെട്ടത്‌. കാജല്‍ നാല്‌ മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിരോധ മന്ത്രാലയത്തിലെ ക്ലര്‍ക്ക്‌ കൂടിയായ ഭര്‍ത്താവ്‌ അങ്കൂറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കൊലപ്പെടുത്തുന്നതിന് മുൻപ് ഭർത്താവ് അങ്കുർ തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ നിഖിൽ. സംഭവദിവസം താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവച്ചെന്നും ക്ഷുഭിതനായ അങ്കുർ ഫോൺ പിടിച്ചുവാങ്ങിയ ശേഷം സഹോദരിയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് തന്നോടു പറഞ്ഞെന്ന് നിഖിൽ അറിയിച്ചു.

‘കഴിഞ്ഞ 22ന് രാത്രി പത്ത് മണിയോടെ സഹോദരിയുടെ ഭാർത്താവായ അങ്കുർ എന്നെ ഫോണിൽ വിളിച്ച് കാജൽ തർക്കിക്കുകയാണെന്ന് പറഞ്ഞു. പിന്നാലെ അങ്കുറിന്റെ കൈവശമായിരുന്ന ഫോൺ വാങ്ങിയ കാജൽ, എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു. കാജലിന്റെ ചില പരാമർശങ്ങൾ അങ്കുറിനെ ചൊടിപ്പിച്ചു. ഫോൺ പിടിച്ചുവാങ്ങിയ അങ്കുർ, തെളിവിനായി തന്റെ സംഭാഷണം റെക്കോർഡ് ചെയ്തോളാൻ ആവശ്യപ്പെടുകയും കാജലിനെ കൊലപ്പെടുത്താൻ പോകുകയാണെന്ന് പറയുകയും ചെയ്തു.

ഫോൺ കട്ടാകുന്നതിന് മുൻപ് കാജലിന്റെ അലർച്ച ഞാൻ കേട്ടു. കുറച്ചു സമയത്തിനു ശേഷം അങ്കുർ വീണ്ടും വിളിച്ചു. “നിന്റെ സഹോദരി മരിച്ചു, വന്ന് ബോഡി കൊണ്ടുപോയ്ക്കോ” എന്നായിരുന്നു സന്ദേശം. നിഖിൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോക്ടർമാർ കാജലിന് മസ്തിഷ്ക മരണം (Brain Death) സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു. പൊലീസിനെയും കൂട്ടി ആശുപത്രിയിൽ എത്തിയപ്പോൾ അങ്കുറും കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നു.’ – നിഖിൽ പറഞ്ഞു.

ഭാരമുള്ള ഡംബെല്‍ ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചാണു കാജലിനെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ അറിയിച്ചു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. തലയ്‌ക്കു ഗുരുതര പരുക്കുകളോടെയാണ്‌ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കാജലിന്റെ സഹോദരനും പാര്‍ലമെന്റ്‌ സ്‌ട്രീറ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിളുമായ നിഖിലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്‌.
തന്നോട്‌ സംസാരിക്കുന്നതിനിടെയാണു സഹോദരി ആക്രമണത്തിനു വിധേയായതെന്ന്‌ അദ്ദേഹം മൊഴി നല്‍കി. അവര്‍ സ്‌ത്രീധന പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2022ലാണു കാജല്‍ ഡല്‍ഹി പോലീസില്‍ ചേര്‍ന്നത്‌. നിലവില്‍ സ്‌പെഷല്‍ വെപ്പണ്‍സ്‌ ആന്‍ഡ്‌ ടാക്‌ടിക്‌സ്‌ (സ്വാറ്റ്‌) ടീമിലാണ്‌ അവര്‍ ജോലി ചെയ്‌തിരുന്നത്‌. 2023ല്‍ ഡല്‍ഹി കാന്റോണ്‍മെന്റില്‍ ജോലി ചെയ്യുന്ന അങ്കൂറിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക്‌ ഒന്നര വയസുള്ള മകനുണ്ട്‌.