ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും തണുപ്പത്ത് ഞാൻ എങ്ങനെയാണ് ഉപേക്ഷിക്കുക?’’– ജസ്വന്ത് കൗർ ചോദിക്കുന്നു.
2016 ഒക്ടോബർ 21-ന് രാത്രിയാണ് ഗുർനാം കൊല്ലപ്പെടുന്നത്. ഹിരാ നഗർ സെക്ടറിലെ അതിർത്തിയിൽ വെച്ചായിരുന്നു സംഭവം. പാക് സ്‌നൈപ്പറുടെ വെടിയുണ്ടയേറ്റാണ് ഗുർനാം രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അതിന് ഒരുദിവസം മുമ്പ് ഗുർനാം ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു.
കനത്ത ഷെല്ലാക്രമണത്തിന്റെ മറവിൽ പാക്കിസ്ഥാൻ സൈന്യം ഒരു കൂട്ടം ഭീകരരെ ഇന്ത്യയിലേക്കു കടത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഒരു ഭീകരനെ വധിച്ച്, മറ്റുള്ളവരെ തുരത്തിയോടിച്ച് ഗുർനം ഒരു മതിൽ പോലെ നിലയുറപ്പിക്കുകയായിരുന്നു. ‘‘ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് നിങ്ങൾ കാണുന്നുണ്ടെങ്കിൽ, അത് കാറ്റടിക്കുന്നത് കൊണ്ട് മാത്രമല്ല. മറിച്ച്, ഈ മണ്ണിൽ വീണ ഗുർനാമിനെപ്പോലുള്ള സൈനികരുടെ അവസാന ശ്വാസം കൊണ്ടു കൂടിയാണത്’’– ജസ്വന്ത് കൗറിന്റെ സഹോദരനായ കുൽവിന്ദർ സിങ് പറഞ്ഞു.




