Crime Featured

ഇതു പഴയ നമ്പരാണു മോനേ…. യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്‌റ്റില്‍, കാമുകിയെ ഇംപ്രസ് ചെയ്യാന്‍ നോക്കി അഴിക്കുള്ളിലായി!

പത്തനംതിട്ട: യുവതിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷകനായി രംഗത്തെത്തിയെ കാമുകനെയും സൂഹൃത്തിനെയും പത്തനംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കോന്നി മാമ്മൂട്‌ സ്വദേശി രാജിഭവനില്‍ രഞ്‌ജിത്ത്‌ രാജന്‍ (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശി താഴത്ത്‌ പറമ്പില്‍ വീട്ടില്‍ അജാസ്‌(19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നരഹത്യാശ്രമത്തിനാണു കേസെടുത്തത്‌.

ഒന്നാം പ്രതിയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതിയെ വാഹനാപകടത്തില്‍പ്പെടുത്തിയ ശേഷം രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാന്‍ വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്‌തതായിരുന്നു അപകടമെന്നു പോലീസ്‌ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 23 ന്‌ വൈകിട്ട്‌ 5.30 മണിയോടെ കോച്ചിങ്ങ്‌ ക്ലാസ്‌ കഴിഞ്ഞ്‌ അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രണ്ടാം പ്രതി കാറില്‍പിന്തുടര്‍ന്ന്‌ വാഴമുട്ടം ഈസ്‌റ്റില്‍വച്ച്‌ സ്‌കൂട്ടറിന്റെ പിന്നിലിടിച്ച്‌ വീഴ്‌ത്തിയ ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ച്‌ പോകുകയായിരുന്നു.

ഒന്നാം പ്രതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നു പോലീസ്‌ പറഞ്ഞു. പിന്നാലെ ഇന്നോവ കാറിലെത്തിയ ഒന്നാം പ്രതി, യുവതിയുടെ ഭര്‍ത്താവാണെന്ന്‌ അപകടസ്‌ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ കാറില്‍ കയറ്റി കോന്നി ബിലീവേഴ്‌സ് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ വെച്ച്‌ യുവതിയുടെ വലതുകൈക്കുഴയ്‌ക്ക് സ്‌ഥാനഭ്രംശവും ചെറുവിരലിന്‌ പൊട്ടലുമുണ്ടായി. ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുന്നതിനിടെയാണ്‌ സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്‌. തുടര്‍ന്ന്‌ നരഹത്യശ്രമ ത്തിനു വകുപ്പ്‌ കൂടി ചേര്‍ത്തു.

പത്തനംതിട്ട പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അലക്‌സ്കുട്ടി എസ്‌ ആണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. പ്രതികളെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി.