ഇളംവെയിലോ മഴയോ ആസ്വദിച്ച് ഒരു കപ്പ് ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതോ, ഡിസംബർ പുലരിയിലെ തണുപ്പുപോലെ കുളിർമയേകുന്ന ഒരു കോൾഡ് കോഫിയോ… കാപ്പി ഒരു ചെറിയ കളിയല്ല! ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ പാലും ചോക്ലേറ്റും തേനും തുടങ്ങി പല ചേരുവകൾ ചേർത്ത് ഇന്നും പരീക്ഷണങ്ങൾ തുടരുകയാണ്.
നല്ലൊരു കാപ്പിയുണ്ടാക്കാൻ ചില കുറുക്കുവഴികൾ അറിഞ്ഞിരുന്നാൽ മാത്രം മതി. ആരെയും കൈയിലെടുക്കാൻ സഹായിക്കുന്ന ചില ‘കാപ്പി സൂത്രങ്ങൾ’ ഇതാ:
- ഒരു നുള്ള് ഉപ്പ്
കാപ്പിക്ക് കയ്പ്പ് അല്പം കൂടിപ്പോയോ? എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തുനോക്കൂ. ഉപ്പിലെ സോഡിയം കാപ്പിയുടെ കയ്പുരസം കുറയ്ക്കുകയും രുചി വർദ്ധിപ്പിക്കുകയും ചെയ്യും. കടുപ്പമേറിയ കാപ്പിയെ കൂടുതൽ സ്വാദിഷ്ടമാക്കാൻ ഈ ടിപ്പ് പരീക്ഷിക്കാവുന്നതാണ്.
- കോൾഡ് കോഫിയും ‘കോഫി ഐസ് ക്യൂബ്സും’
സാധാരണ ഐസ് ക്യൂബ്സ് ചേർക്കുമ്പോൾ വെള്ളം കലർന്ന് കാപ്പിയുടെ രുചി കുറയാറുണ്ട്. ഇതിനു പരിഹാരമായി കാപ്പി തന്നെ ഐസ് ട്രേയിൽ ഒഴിച്ച് കട്ടകളാക്കി കോൾഡ് കോഫിയിൽ ചേർക്കാം. ഇത് കാപ്പിയുടെ സ്വാദ് ഒട്ടും ചോർന്നുപോകാതെ നിലനിർത്തും.
- വെള്ളത്തിന്റെ പ്രാധാന്യം
വിലകൂടിയ കാപ്പിപ്പൊടി മാത്രം പോരാ, ഉപയോഗിക്കുന്ന വെള്ളവും പ്രധാനം. സാധാരണ വെള്ളത്തിന് പകരം ഫിൽറ്റേഡ് വെള്ളമോ ബോട്ടിൽ വെള്ളമോ ഉപയോഗിക്കുന്നത് കാപ്പിയുടെ തനത് രുചി പുറത്തുകൊണ്ടുവരാൻ സഹായിക്കും.
- മധുരത്തിലും പാലിലും പരീക്ഷണങ്ങൾ
പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്നവ പരീക്ഷിക്കാം:
പനംകൽക്കണ്ടം, തേൻ, ശർക്കര.
വ്യത്യസ്ത രുചിക്കായി കറുവാപ്പട്ട ചേർക്കാം.
പശുവിൻ പാലിന് പകരം ഓട്ട് മിൽക്ക്, ബദാം മിൽക്ക്, സോയ മിൽക്ക് എന്നിവയും ബട്ടർ, ക്രീം എന്നിവയും ഉപയോഗിക്കാം.
- ചോക്ലേറ്റ് പ്രിയർക്കായി
ചോക്ലേറ്റ് ഇഷ്ടമുള്ളവർക്ക് കാപ്പിയിൽ ഒരു സ്പൂൺ കൊക്കോ പൗഡറോ ചോക്ലേറ്റ് സിറപ്പോ ചേർക്കാവുന്നതാണ്. ഇത് കാപ്പിക്ക് ഒരു റിച്ച് ഫ്ലേവർ നൽകുന്നു.
- മറ്റ് ടിപ്പുകൾ
ഫ്രോത്തിങ്: ഒരു ഫ്രോത്തർ (Frother) ഉപയോഗിച്ച് പാൽ പതപ്പിച്ചു ചേർത്താൽ കാപ്പിക്ക് നല്ലൊരു ‘ലുക്കും’ കഫേ സ്റ്റൈൽ രുചിയും ലഭിക്കും.
പ്രോട്ടീൻ കോഫി: ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് കാപ്പിയിൽ പ്രോട്ടീൻ പൗഡർ ചേർത്ത് ‘പ്രോട്ടീൻ ഷേക്ക്’ പോലെയും കുടിക്കാം.
സൂക്ഷിക്കേണ്ട രീതി: കാപ്പിപ്പൊടിയുടെ മണം നഷ്ടപ്പെടാതിരിക്കാൻ വായു കടക്കാത്ത (Airtight) കുപ്പികളിൽ നനവില്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ.




